വിതുര: വിതുര പഞ്ചായത്ത് പൊന്നാംചുണ്ട് വാ‌ർഡ് മെമ്പറും ആദിവാസി കോൺഗ്രസ് നേതാവുമായ എൽ.വി. വിപിൻ മെമ്പർ സ്ഥാനം രാജിവച്ചു. പാർട്ടിയുമായുള്ള അഭിപ്രായഭിന്നതയാണ് മുൻ പ്രസിഡന്റ് കൂടിയായ വിപിന്റെ രാജിക്ക് പിന്നിലെന്നാണ് സൂചന. ഒരു മാസമായി വിപിൻ സ്ഥലത്തില്ലായിരുന്നു.

കൊവിഡ് വ്യാപനത്തെ തുടർന്ന് വാർഡുതല ജാഗ്രതാസമിതികൾ രൂപീകരിക്കുന്നതിനായി വിപിനെ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഒാഫ് ആയിരുന്നു. ഇതിനിടെ മെമ്പറെ കാണാനില്ലെന്ന് മാദ്ധ്യമങ്ങളിൽ വാർത്ത വരികയും ചെയ്‌തു. ഇതിന് പിന്നാലെയാണ് വിപിൻ പഞ്ചായത്ത് ഒാഫീസിലെത്തി സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. 17 അംഗപഞ്ചായത്തിൽ എൽ.ഡി.എഫ് 9, കോൺഗ്രസ് 6, ബി.ജെ.പി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.