rajkumar

പാലോട്: നന്ദിയോട് പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കണമെന്ന കളക്ടറുടെ നിർദ്ദേശം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പഞ്ചായത്ത് കമ്മിറ്രിയിൽ ഭരണ - പ്രതിപക്ഷ വാക്പോര്. കമ്മിറ്റിയിൽ നടന്ന വാക്കേറ്രത്തിനൊടുവിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി. കൊവിഡിന്റെ ആദ്യഘട്ടത്തിൽ നന്ദിയോട് സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഗ്രീൻ ഓഡിറ്റോറിയം വാടക ഒഴിവാക്കി പഞ്ചായത്തിന് വിട്ടുനൽകിയിരുന്നു. ഇതേതുടർന്ന് ഏകദേശം 14 ലക്ഷം രൂപയോളം ചെലവഴിച്ച് 100 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റെർ സജ്ജമാക്കിയിരുന്നു. ആരോഗ്യപ്രവർത്തകരുടെ കുറവിനെതുടർന്ന് ഒരു രോഗിയെ പോലും ഇവിടെ പ്രവേശിപ്പിച്ചിരുന്നില്ല. തുടർന്ന് ഇവിടം കൊവിഡ് രോഗനിർണയ കേന്ദ്രമായി എട്ട് മാസത്തോളം പ്രവർത്തിച്ചു. ഭരണമാറ്റവും രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും കാരണം ആഡിറ്റോറിയം ഒഴിഞ്ഞുനൽകണമന്ന് ആവശ്യപ്പെട്ട് ബാങ്ക് പഞ്ചായത്തിന് കത്തുനൽകിയിരുന്നു. നടപടിയുണ്ടാകാത്തതിനെ തുടർന്ന് കളക്ടർക്ക് പരാതി നൽകുകയും കളക്ടറുടെ നിർദ്ദേശപ്രകാരം പൊളിച്ചുമാറ്റുകയും ചെയ്തു. എന്നാൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തിനോട് കളക്ടർ അടിയന്തിരമായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റെർ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് പഞ്ചായത്ത് ഭരണസമിതി ഗ്രീൻ ആഡിറ്റോറിയം ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിനായി നൽകണ മെന്നാവശ്യപ്പെട്ടത്. ഇതേക്കുറിച്ച് ചർച്ചചെയ്യാൻ ചേർന്ന കമ്മിറ്റിയാണ് ത‌ർക്കത്തിൽ കലാശിച്ചത്.