പൂവാർ: പൊഴിയൂർ മുതൽ അടിമലത്തുറ വരെയുള്ള തീരദേശ ഗ്രാമങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. തീരദേശ ഗ്രാമപഞ്ചായത്തുകളായ കാരോട്, കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ എന്നിവിടങ്ങളിലും കാഞ്ഞിരംകുളം, തിരുപുറം എന്നീ സമീപ ഗ്രാമപഞ്ചായത്തുകളിലുമാണ് കൊവിഡ് വ്യാപിച്ചിരിക്കുന്നത്.
രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി ശക്തിപ്പെടുത്തിയിരിക്കുകയാണ്.
കാഞ്ഞിരംകുളം, പൂവാർ, തിരുപുറം ഗ്രാമപഞ്ചായത്തുകളിൽ ഇതിനോടകം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പൊഴിയൂർ, പൂവാർ, കാഞ്ഞിരംകുളം പൊലീസിന്റെ നേതൃത്വത്തിൽ സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ അനാവശ്യമായി കറങ്ങി നടക്കുന്നവരെയും കണ്ടെത്തി നിയമ നടപടി സ്വീകരിക്കുകയും ബോധവത്കരിക്കുന്നതും ഊർജിതമാക്കിയിട്ടുണ്ട്. സി.എച്ച്.സി തലത്തിൽ വാക്സിൻ വിതരണവും, ഗ്രാമപഞ്ചായത്ത് തലത്തിൽ രജിസ്ട്രേഷനും ഹെൽത്ത് സെന്ററുകളിൽ
കൊവിഡ് ടെസ്റ്റും നടക്കുന്നതായി ജനപ്രതിനിധികൾ പറഞ്ഞു. എന്നാൽ കൊവിഡ് ടെസ്റ്റിനുള്ള കിറ്റുകളുടെ അപര്യാപ്ത കാരണം കൂടുതൽ പരിശോധനകൾ നടത്താൻ കഴിയുന്നില്ലെന്നാണ് കാരോട് അടക്കമുളള പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നത്. വാക്സിനേഷൻ സി.എച്ച്.സി വഴി മാത്രമാണ് ഇപ്പോൾ നടത്തുന്നത്. ഇത് ഗ്രാമപഞ്ചായത്ത് തലത്തിൽ നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം കാഞ്ഞിരംകുളം, കരുംകുളം, കാരോട് തുടങ്ങിയ പഞ്ചായത്ത് ഭരണസമിതികൾ പാസാക്കി.
വീടുകളിൽ സൗകര്യമില്ലാത്തവരും, കൊവിഡ് ലക്ഷണങ്ങൾ പ്രത്യക്ഷത്തിൽ ഇല്ലാത്തവരുമായവരെ പാർപ്പിച്ച് ചികിത്സിക്കുന്നതിന് പൂവാർ ഗവ. എൽ.പി സ്കൂളിൽ 50 കിടക്കകളുടെ സൗകര്യമുള്ള ഡൊമിഷ്യലറി കൊവിഡ് കെയർ സെന്റർ (ഡി.സി.സി.സി) പ്രവർത്തനം ആരംഭിച്ചു.
മറ്റ് ഗ്രാമപഞ്ചായത്തുകളിൽ ഡി.സി.സി.സി സ്ഥാപിക്കുന്നതിന് വേണ്ടുന്ന സ്ഥലം കണ്ടെത്താൻ മാത്രമാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമുള്ളത്. അതനുസരിച്ച് സെന്ററുകൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തി, അതിന്റെ റിപ്പോർട്ട് കളക്ടർക്ക് നൽകിയിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റുമാർ പറഞ്ഞു. കൊവിഡ് പോസിറ്റീവാകുന്നവരെ ദൂര സ്ഥലങ്ങളിലെ കൊവിഡ് കെയർ സെന്ററുകളിലേക്കാണ് കൊണ്ടു പോകുന്നത്. ഇത് പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും അവർ പറഞ്ഞു. 50 കിടക്ക മാത്രമുള്ള പൂവാറിൽ ഇപ്പോൾ 25 ഓളം രോഗികളുണ്ട്.ർ