1

പൂവാർ: തീരദേശം കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം പൊടിപ്പൊടിക്കുന്നതായി പരാതി. പൂവാർ പൊഴിക്കരയിലെ കണ്ടൽകാടുകൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്നുകളും കഞ്ചാവും കൈമാറുന്നതായി അറിയുന്നത്. കൂടാതെ നെയ്യാറിന്റെ തീരപ്രദേശമായ ആറ്റുപുറം, തുരുത്തി, തോണിക്കടവ് തുടങ്ങിയ പ്രദേശങ്ങളും മയക്ക് മരുന്ന് വ്യാപാരത്തിന്റെ കേന്ദ്രങ്ങളാണ്.
മയക്കുമരുന്നുകൾ കടത്തുന്നതിനും അവ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും പ്രത്യേകം സംഘങ്ങൾ പ്രവർത്തിക്കുന്നതായും പറയുന്നു. ഇത്തരം സംഘങ്ങൾക്ക് നല്ല പ്രതിഫലവും സൗജന്യമായി മയക്കുമരുന്നും ലഭിക്കും. കൂടാതെ ആഡംബര വാഹനങ്ങളും സുഖസമൃദ്ധമായ ജീവിതവും ഇത്തരക്കാരെ ഈ മേഖലയിൽ ഉറപ്പിച്ച് നിറുത്തുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയതിന് കഴിഞ്ഞ ദിവസങ്ങളിൽ അരുമാനൂർ സ്വദേശിയായ വിഷ്ണു,​ പെരുമ്പഴുതൂർ സ്വദേശി അഖിൽ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഒരിക്കൽ പിടിക്കപ്പെട്ടാൽ പുറത്തിറങ്ങി വീണ്ടും ഈ തൊഴിൽ തന്നെ ചെയ്യുന്ന സ്ഥിതിയാണ് ഇന്നുള്ളത്. മദ്യം മയക്കുമരുന്ന് തുടങ്ങിയവ വില്പന നടത്തുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ പല സ്ഥലങ്ങളിലും ഗുണ്ടാസംഘങ്ങളായാണ് പ്രവർത്തിക്കുന്നത്.

അതിർത്തി ചെക്ക് പോസ്റ്റുകളിൽ പിടിക്കപ്പെടുന്ന മയക്കുമരുന്നും കഞ്ചാവും കേസ് ചാർജ്ജ് ചെയ്യാൻ വേണ്ടത് ഒഴിച്ച് മറ്റൊന്നും പുറത്ത് കാണിക്കാറില്ലെന്നും ആക്ഷേപമുണ്ട്. ഇൻഫർമർ ഇല്ലാത്ത കേസുകൾ പിടികൂടുന്നത് അപൂർവമാണ്. ഇരുചക്രവാഹനങ്ങളിൽ കടത്തുന്ന ലഹരി വസ്തുക്കകൾ പിടികൂടാൻ നിലവിൽ സംവിധാനങ്ങളുമില്ല.

മയക്കുമരുന്ന് എത്തുന്നത് തമിഴ്നാട്ടിൽ നിന്ന്

തമിഴ്നാട്ടിൽ നിന്നുമാണ് പ്രധാനമായും കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ ഇവിടേക്ക് എത്തുന്നത്. മറ്ര് സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന മയക്കുമരുന്നുകളും തമിഴ്നാട് വഴിയാണ് കേരളത്തിലേക്ക് എത്തിച്ചേരുന്നത്.

വിദ്യാർത്ഥികളെ വഴിതെറ്റിക്കുന്നു

ഈ ലോബി പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് വിദ്യാർത്ഥികളെയും യുവാക്കളെയുമാണ്. അവർക്കിടയിൽ ബന്ധങ്ങൾ സ്ഥാപിച്ച് ആവശ്യക്കാരായി മാറ്റുകയാണ് ഇവരുടെ രീതി.

ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിനോ എക്സൈസ് ഡിപ്പാർട്ട്മെന്റിനോ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.