മലയിൻകീഴ്: മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും വിളപ്പിൽശാല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും വാക്സിനെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാധീതമായതോടെ തിരക്ക് നിയന്ത്രിക്കാനാവാതെ പൊലീസും ആരോഗ്യപ്രവർത്തകരും. മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ രാവിലെ ആറിനുതന്നെ ജനങ്ങൾ എത്തി ക്യൂ നിൽക്കാൻ തുടങ്ങിയിരുന്നു. വാക്സിനേഷൻ സെന്ററിലെ ജീവനക്കാർ 9.30ന് എത്തിയെങ്കിലും തിരക്ക് ക്രമാധീതമായിരുന്നു. ഇതോടെ പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടങ്ങി. ഇതിനിടെ ക്യൂ നിന്ന് നട്ടംതിരിഞ്ഞ ജനങ്ങളുടെ ഭാഗത്തുനിന്നും രോക്ഷപ്രകടനങ്ങൾ ഉണ്ടാകാൻ തുടങ്ങി. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് മൈക്ക് അനൗൺസ്മെന്റ് നടത്തുകയും ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാനെത്തിയ 40 പേർക്ക് ടോക്കൺ നൽകുകയും ചെയ്തു. രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാനെത്തിയ 130 പേർക്ക് രണ്ടുഘട്ടമായാണ് വാക്സിൻ നൽകിയത്. 170 പേർക്കാണ് ഇന്നലെ താലൂക്ക് ആശുപത്രിയിൽ നിന്ന് വാക്സിൻ നൽകിയത്. ബാക്കിയുള്ളവർക്ക് ഇന്ന് വാക്സിൻ നൽകുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വിളപ്പിൽശാല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വാക്സിൻ എടുക്കാനെത്തിയവരുടെ തിരക്ക് നിയന്ത്രണാധീതമായതോടെ ആരോഗ്യപ്രവർത്തകരുമായി ഉന്തുംതള്ളും ഉണ്ടായി. വാക്കേറ്റം മണിക്കൂറുകളോളം നീണ്ടു. ഇവിടെ രാവിലെ ആറുമുതൽ ആയിരക്കണക്കിനുപേരാണ് വാക്സിൻ സ്വീകരിക്കാനെത്തിയത്. ഇന്നലെ ഇവിടെ നിന്ന് വാക്സിനെടുക്കാനായത് 200 പേർക്കാണ്. പ്രായമായവരുൾപ്പെടെയുള്ളവരെക്കൊണ്ട് ആശുപത്രി പരിസരം നിറയുകയും തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ വീഴുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെടതോടെ ആശുപത്രി അധികൃതർ വാക്സിൻ വിതരണം നിറുത്തിവച്ച് പ്രവേശന കവാടം അടച്ചിട്ടു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ആദ്യ ഡോഡ് സ്വീകരിക്കുന്നതിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്ത 40 പേർക്കും രണ്ടാം ഡോസിനായി സ്പോട്ട് രജിസ്ട്രേഷനിലൂടെ 160 പേർക്കുമാണ് വിളപ്പിൽശാല സി.എച്ച്.സിയിൽ വാക്സിനേഷൻ ക്രമീകരിച്ചിരുന്നത്. ബുധനാഴ്ച വാക്സിൻ വിതരണം മുടങ്ങിയിരുന്നു. ബുധനാഴ്ച വാക്സിൻ ലഭിക്കാത്തവരും ആശുപത്രിയിൽ എത്തിയിരുന്നു. സ്പോട്ട് രജിസ്ട്രേഷന് കൂടി ആളുകൾ എത്തിയതോടെ തിരക്ക് വർദ്ധിക്കുകയായിരുന്നു.ൾ