നെയ്യാറ്റിൻകര: പുറത്തു നിന്നെത്തിയവർക്ക് താലൂക്ക് ഓഫീസിൽ കൊവിഡ് വാക്‌സിനേഷൻ നടത്തിയത് വിവാദമാകുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇവിടെ നിരവധിപേരാണ് വാക്സിൻ എടുത്തുമടങ്ങിയത്. നെയ്യാറ്റിൻകര താലൂക്ക് ആസ്ഥാനത്ത് താലൂക്ക് ഓഫീസിലെ ജീവനക്കാർക്ക് കൊവിഡ് വാക്‌സിൻ നൽകാൻ അവസരം ഒരുക്കിയതിന്റെ മറവിൽ പുറത്ത് നിന്നുള്ളവർ വാക്സിനെടുക്കാനെത്തിയതെന്നാണ് ആക്ഷേപം. ജീവനക്കാർക്കായി വാക്‌സിനുകളും ആരോഗ്യപ്രവർത്തകരെയും സജ്ജമാക്കിയിരുന്നു. എന്നാൽ താലൂക്ക് ഓഫീസിലെ ജീവനക്കാരല്ലാത്തവർക്കും വാക്‌സിൻ നല്കിയതാണ് വിവാദമായത്. നെയ്യാറ്റിൻകര താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാരാണ് പുറത്തുനിന്നുള്ളവർക്ക് വാക്സിനെടുക്കാൻ അവസരം നൽകിയതെന്നാണ് ആരോപണം. ഡെപ്യൂട്ടി തഹസിൽദാറുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റി വാക്‌സിൻ നൽകിയതായി ജീവനക്കാർ പറയുന്നു. ഇലക്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്കും രാഷ്ട്രീയ പാർട്ടികളുടെ ഇന്നേജന്റുമാർക്കുമാണ് വാക്സിൻ നൽകിയതെന്നും മറിച്ചുള്ള വാദങ്ങൾ തെറ്റാണെന്നും നെയ്യാറ്റിൻകര തഹസിൽദാർ അൻസർ പറഞ്ഞു.