വെള്ളറട: കേരളം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ കേരള പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് പരിശോധന ക‌ർശനമാക്കി. തമിഴ്നാട്ടിൽ നിന്നും വരുന്ന എല്ലാ വാഹനങ്ങളും പരിശോധനയ്ക്കുശേഷമാണ് അിർത്തി കടത്തിവിടുന്നത്. കടുക്കറ,​ പനച്ചമൂട്,​ ചെറിയകൊല്ല,​ ആറുകണി,​ തോലടി എന്നിവിടങ്ങളിൽ താത്കാലിക ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. തമിഴ്നാട് അതിർത്തിയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന വിദേശ മദ്യവില്പനശാലകളും ബാറുകളും അടച്ചുപൂട്ടി. കേരളത്തിലെ മദ്യവില്പനശാലകൾ പൂട്ടിയപ്പോൾ തമിഴ്നാട്ടിലെ മദ്യവില്പനശാലകളിൽ ജനങ്ങൾ കൂട്ടമായി എത്താൻ തുടങ്ങിയതോടെയാണ് അടച്ചുപൂട്ടിയത്. അതിർത്തിയിൽ കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണത്തിൽ ദിവസവും കാര്യമായ വർദ്ധനയാണ് കാണിക്കുന്നത്. വെള്ളറടയിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം രോഗികളാൽ നിറഞ്ഞു. ഇതിനെത്തുടർന്ന് സർക്കാർ വെള്ളറട രുഗ്മിണി മെമ്മോറിയൽ ദേവി ഹോസ്പിറ്റലിൽ കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ തുടങ്ങിയിട്ടുണ്ട്.