നെടുമങ്ങാട്: തുടർച്ചയായ അഞ്ചാം ദിനത്തിലും പോസിറ്റീവ് കേസുകൾ താഴാത്ത സാഹചര്യത്തിൽ നെടുമങ്ങാട് താലൂക്കിൽ വാരാന്ത്യ കർഫ്യു കർശനമാക്കാൻ പൊലീസും ആരോഗ്യവകുപ്പും.ഇന്നലെ വിവിധ കേന്ദ്രങ്ങളിൽ എണ്ണൂറോളം പേരിൽ നടത്തിയ റാപ്പിഡ്- ആർ.ടി.പി.സി.ആർ പരിശോധകളിൽ 231 പോസിറ്റീവ് കേസാണ് റിപ്പോർട്ട് ചെയ്തത്. നെടുമങ്ങാട് നഗരസഭ, ആര്യനാട്, അരുവിക്കര, വെള്ളനാട്, പനവൂർ, കല്ലറ പഞ്ചായത്തുകൾ എന്നീ പ്രദേശങ്ങളിലാണ് കൊവിഡിന്റെ കുതിച്ചു കയറ്റം. നെടുമങ്ങാട് ജില്ലാ ആശുപത്രി - 76, ആര്യനാട് പി.എച്ച്.സി - 41, വെള്ളനാട് സി.എച്ച്.സി - 37, അരുവിക്കര പി.എച്ച്.സി - 22, പനവൂർ -പി.എച്ച്.സി - 19, കല്ലറ സി.എച്ച്.സി - 12, പുല്ലമ്പാറ പി.എച്ച്.സി- 5, വിതുര താലൂക്കാശുപത്രി - 8, ഭരതന്നൂർ പി.എച്ച്.സി - 7, ഉച്ചമലയ്ക്കൽ പി.എച്ച്.സി - 3, ആനാട് പി.എച്ച്.സി -1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ. കഴിഞ്ഞദിവസങ്ങളിൽ തീവ്രവ്യാപനമുണ്ടായ ആനാട്, വാമനപുരം, ആനാകുടി എന്നിവിടങ്ങളിൽ നന്നേ ശമനമുണ്ടായിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ പൊലീസിനെ മുൻനിറുത്തി നടപ്പിലാക്കിയ പ്രതിരോധ പ്രവർത്തനങ്ങളാണ് ഫലം കണ്ടതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
പൊതുചന്തകൾ 10 വരെ
നെടുമങ്ങാട് നഗരസഭ ജാഗ്രതാസമിതി ചെയർപേഴ്‌സൺ സി.എസ്.ശ്രീജയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് കർഫ്യു ദിനങ്ങളിലും തുടർന്നുള്ള ദിവസങ്ങളിലും നഗരത്തിൽ നടപ്പിലാക്കേണ്ട പ്രതിരോധ നടപടികൾക്ക് രൂപം നൽകി. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി നെടുമങ്ങാട് മാർക്കറ്റ് അടക്കമുള്ള എല്ലാ പൊതുചന്തകളുടെയും പ്രവർത്തന സമയം രാവിലെ 10 വരെയാക്കി.വിവാഹം, നിശ്ചയം, ഗൃഹപ്രവേശം മരണാനന്തര ചടങ്ങ് തുടങ്ങിയവ ചടങ്ങുകളിൽ ഒതുക്കണം. ബർത്ത്ഡേ, റിട്ടയർമെന്റ് ആഘോഷങ്ങൾ പൂർണമായി ഒഴിവാക്കണം. കടകമ്പോളങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ഒന്നിടവിട്ട് ആരോഗ്യവിഭാഗത്തിന്റെ പരിശോധന നടത്തും.ചന്തമുക്ക്, ജില്ലാ ആശുപത്രി ജംഗ്‌ഷൻ, മുനിസിപ്പൽ ജംഗ്‌ഷൻ, സത്രംമുക്ക്, പഴകുറ്റി, വാളിക്കോട്, കച്ചേരി ജംഗ്‌ഷൻ എന്നിവിടങ്ങളിൽ രാവിലെ മുതൽ തുടർച്ചയായി ഉച്ചഭാഷിണികളിലൂടെ മുന്നറിയിപ്പ് നൽകും.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടിനു വെളിയിൽ ഇറങ്ങുന്നവർക്കെതിരെ കേസ് എടുക്കും.
സ്രവപരിശോധന ഇന്ന്
നെടുമങ്ങാട് താലൂക്ക് പരിധിയിൽ ആരോഗ്യവിഭാഗം നേതൃത്വം നൽകുന്ന സ്രവപരിശോധന കേന്ദ്രങ്ങൾ ചുവടെ. വിതുര താലൂക്കാശുപത്രി, ആര്യനാട് പി.എച്ച്.സി, കല്ലറ സി.എച്ച്.സി, ഭരതന്നൂർ പി.എച്ച്.സി, പാലോട് സി.എച്ച്.സി, വാമനപുരം എഫ്.എച്ച്.സി, മാണിക്കൽ പി.എച്ച്.സി, പുല്ലമ്പാറ പി.എച്ച്.സി, കന്യാകുളങ്ങര സി.എച്ച്.സി, നെടുമങ്ങാട് ജില്ലാ ആശുപത്രി.
നാളെയും വാക്സിനേഷൻ ഇല്ല
ശനി, ഞായർ ദിവസങ്ങളിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കൊവിഡ് പ്രതിരോധ കുത്തിവയ്പ് ഉണ്ടായിരിക്കുന്നതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് വാക്സിനേഷൻ കേന്ദ്രങ്ങളിലും കുത്തിവയ്പ് പരിമിതപ്പെടുത്തിയിട്ടുണ്ട്.