health

കൊവിഡിന്റെ രണ്ടാം വരവ് രൂക്ഷമായി തുടരുന്നതിനിടെ, രോഗബാധ ചെറുക്കാനുള്ള ഏക വഴി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ്. അവിടെയാണ് ആയുർവേദവും പ്രസക്തമാകുന്നത്. കൊവിഡ് പോസിറ്റീവായി വീട്ടിൽതന്നെ തുടരുന്ന ലക്ഷണങ്ങൾ കുറഞ്ഞവർക്കുള്ള ചികിത്സയ്ക്കും കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആയുർവേദത്തിൽ നിരവധി വഴികളുണ്ട്. ഇവയു‌െ പ്രയോജനം ലഭിച്ച ആൾക്കാരുടെ എണ്ണവും സ്വീകാര്യതയും അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. കൊവിഡിനൊപ്പം നമുക്ക് കുറച്ച് നാൾ ജീവിക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ മറ്റ് നിയന്ത്രണങ്ങൾക്കൊപ്പം ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിച്ചെങ്കിൽ കൂടിയേ ഇത്തരത്തിലുള്ള പകർച്ചവ്യാധികളോട് പോരാടാനാകൂ എന്നതാണ് വസ്തുത.

പൊതുജനാരോഗ്യ രംഗത്ത് ആയുർവേദത്തിന്റെ ഇടപെടൽ എത്രമാത്രം പ്രയോജനമുണ്ടാക്കും എന്ന് പരിശോധിക്കേണ്ടത് ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തിയാണ്. അതിനാൽ ആയുർരക്ഷാ ക്ലിനിക്കുകൾ എന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തുവാനായി ആയുർവേദ സ്ഥാപനങ്ങളിലൂടെ പ്രത്യേക കൊവിഡ് പ്രതിരോധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അവ വിപുലീകരിക്കുന്ന പ്രവർത്തനങ്ങളും നടന്നുവരികയാണ്.

സ്വാസ്ഥ്യം
മരുന്നുകൾ പരമാവധി കുറച്ച് ദിനചര്യ, കാലാവസ്ഥാചര്യ, നല്ല ഭക്ഷണം, കൃത്യനിഷ്ഠ, ലഘു വ്യായാമം തുടങ്ങിയവ ശീലമാക്കുവാനുള്ള ഇടപെടൽ നടത്തുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യമാണ് ലക്ഷ്യമിടുന്നത്. ആരോഗ്യം വർദ്ധിപ്പിച്ച് ശാരീരികവും മാനസികവുമായ രോഗങ്ങളെ അകറ്റുവാനുള്ള മാർഗങ്ങളാണ് പദ്ധതിയിലുണ്ടാവുക. 60 വയസ് വരെയുള്ളവരുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനും മരുന്നിന്റെ ഉപയോഗം കുറച്ച് മറ്റ് ആരോഗ്യ സംരക്ഷണ മാർഗങ്ങൾക്ക് പ്രാധാന്യം നൽകുവാനും ഈ പദ്ധതിക്ക് സാധിക്കുന്നുണ്ട്.

സുഖായുഷ്യം

പകർച്ചവ്യാധികൾ ഏറ്റവും വേഗത്തിൽ പിടികൂടുന്നതും മരണത്തിന് കാരണമാകുന്നതും 60 വയസിന് മുകളിൽ പ്രായമുള്ളവരിലാണ്.കേരളത്തിൽ ആ പ്രായത്തിലുള്ളവർ കൂടുതലുമാണ്. ജീവിതശൈലീ രോഗങ്ങളുള്ളവർക്ക് രോഗപ്രതിരോധശേഷി പിന്നെയും കുറയും. അതിനാൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക ആരോഗ്യ ശ്രദ്ധ നൽകണം. അവർക്കുള്ള മരുന്നുകൾ അവരുടെ ദേഹബലത്തെ ക്ഷീണിപ്പിക്കാത്തവിധം വീര്യം കുറഞ്ഞവയും എന്നാൽ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നവയും ആയിരിക്കണം. ഇതിലുപരി നിലവിലുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് തടസമാകാത്തവിധമുള്ളതും കൂടി ആയിരിക്കണം. അതിനുള്ള പദ്ധതിയാണ് സുഖായുഷ്യം എന്ന പേരിൽ ആയുർരക്ഷാ ക്ലിനിക്കുകൾ വഴി ഒരുക്കിയിട്ടുള്ളത്.നിലവിലുള്ള രോഗങ്ങളുടെ ശമനത്തിനുവേണ്ടി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾക്കൊപ്പമാണ് ഈ മരുന്നുകളും ഉപയോഗിക്കേണ്ടത്.

അമൃതം
വിദേശത്തും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവർക്കും പ്രാഥമിക സമ്പർക്കം കാരണവും വീട്ടിലോ സർക്കാർ സംവിധാനമൊരുക്കുന്ന സെന്ററുകളിലോ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കൊവിഡ് ബാധയേൽക്കാതെ രക്ഷനേടുന്നവിധം പ്രതിരോധശേഷി ലഭിക്കുന്നതിന് മരുന്ന് നൽകുന്ന പദ്ധതിയാണിത്. ജനപ്രതിനിധികൾ ,ആശാ വർക്കർമാർ, സന്നദ്ധ പ്രവർത്തകർ, വാർഡ്തല സമിതി അംഗങ്ങൾ എന്നിവർ മുൻകൈ എടുത്താണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഭേഷജം
ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും കുറവുള്ള പോസിറ്റീവ് ആയ കോവിഡ് രോഗികൾക്ക് ആയുർവേദ ചികിത്സ നൽകുന്നത് വളരെ പ്രയോജനകരമാണ്.രോഗികളെ കണ്ടെത്തി ഇതു നടപ്പിലാക്കുന്നതിനുവേണ്ടി സന്നദ്ധപ്രവർത്തകരുടേയും ആരോഗ്യ പ്രവർത്തകരുടേയും പ്രത്യേകശ്രദ്ധ ആവശ്യമാണ്. ബന്ധുക്കളോ സുഹൃത്തുക്കളോ ആവശ്യമായ മുൻകരുതലുകളോടെ രോഗികൾക്ക് നിർദ്ദേശിക്കുന്ന മരുന്നുകൾ എത്തിച്ചു കൊടുക്കണം.

പുനർജ്ജനി
കൊവിഡ് പോസിറ്റീവ് ആയിരുന്നവർ,ചികിത്സ കഴിഞ്ഞ് നെഗറ്റീവ് ആയ ശേഷം അവരുടെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. അതല്ലെങ്കിൽ കൊവിഡ് വന്നതു കാരണമുള്ള മറ്റ് രോഗങ്ങൾ കൂടി അവരെ തേടി വരും. അതിനാവശ്യമായ ഔഷധങ്ങളാണ് പുനർജ്ജനി പദ്ധതി വഴി നൽകുന്നത്. കൂടുതൽ കൃത്യതയോടെയുള്ള ചികിത്സകളും വിവിധതരത്തിലുള്ള മരുന്നുകളും ശ്രദ്ധയും ഇതിനായി വേണ്ടിവരാം. എല്ലാ ആയുർവേദ ഡിസ്‌പെൻസറികളിലും ആശുപത്രികളിലും ഈ സേവനം ലഭ്യമാണ്. സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ സേവനവും മരുന്നുകളും സൗജന്യവുമാണ്. എല്ലാ പഞ്ചായത്തിലും ചില കോർപ്പറേഷൻ വാർഡുകളിലും ഒരു സ്ഥാപനമെങ്കിലും ഈ സേവനം പൊതുജനങ്ങൾക്ക് ലഭിക്കുന്നതിനായി ഉറപ്പാക്കുകയും ജില്ലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടവരും രോഗബാധ കാരണം നഷ്ടമായ ആരോഗ്യം വീണ്ടെടുക്കുവാൻ ആഗ്രഹിക്കുന്നവരും പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനായും ഈ സേവനം ഉപയോഗപ്പെടുത്തുവാൻ ആയുർവേദ സ്ഥാപനങ്ങളെ സമീപിക്കേണ്ടതാണ്.