rain

കല്ലറ: കല്ലറ പാങ്ങോട് മേഖലകളിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയുണ്ടായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതബന്ധം പൂർണമായും തകരാറിലായി. വിവിധ സ്ഥലങ്ങളിൽ വൻതോതിൽ കൃഷി നാശമുണ്ടായി. പാങ്ങോട് ഉളിയനകോട് അലിഫ് വില്ലയിൽ നിസാറുദ്ദീന്റെ ഷീറ്റിട്ട വീടിന്റെ മേൽക്കൂര പൂർണമായും കാറ്റിൽ പറന്നുപോയി. ഈ സമയം വീട്ടിൽ ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി. ഏകദേശം 75,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. ഉളിയൻ കോടിന് സമീപം സംസം വെൽഡിംഗ് വർക്ക് ഷോപ്പ് ഉടമ മുഹമ്മദ് ഹുസൈന്റെ പിക് അപ് വാനിന് മുകളിൽ കൂടി പോസ്റ്റും വൈദ്യുത കമ്പിയും ഒടിഞ്ഞുവീണു. അപകട സൂചന കണ്ടതോടെ ഇറങ്ങിയോടിയതിനാൽ ആളപായം ഉണ്ടായില്ല.