colony

കളമശേരി: ഏലൂർ നഗരസഭയിലെ പാതാളം ശ്മശാനഭൂമിയോട് ചേർന്ന് വസിക്കുന്ന ഒരുപിടി മനുഷ്യരുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എല്ലാ രാഷ്ട്രീയക്കാരും ഓടിയെത്തും. വെള്ളപ്പൊക്കം വരുമ്പോൾ സഹായിക്കുകയും ചെയ്യും. പക്ഷേ, വർഷങ്ങളായുള്ള ഇവരുടെ പട്ടയവും ശുദ്ധജലവുമെന്ന ആവശ്യങ്ങൾ ഇതുവരെ നേടിക്കൊടുക്കാൻ ആർക്കുമായിട്ടില്ല!

പഞ്ചായത്ത് കോളനിയിൽ ഇരുപത്താറോളം കുടുംബങ്ങൾക്ക് പട്ടയമില്ലെന്ന് ബിരുദധാരിയായ ദേവി പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം ഏകദേശം 107 പേരുണ്ട്. കോളനിയോടു ചേർന്നുള്ള ശ്മശാനം സൂക്ഷിപ്പുകാരനായ മലയാളിയായ സുപ്രൻ പറയുന്നു. '34 വർഷമായി ഞങ്ങളിവിടെ താമസിക്കുന്നു. കൂടുതലും തമിഴ് കുടുംബങ്ങൾ. അവർക്ക് ഇതാണ് നാട്, തമിഴ്നാട്ടിൽ ബന്ധുക്കളുണ്ടെങ്കിലും പോക്കുവരവില്ല.'

പാലക്കാടു നിന്ന് പണി തേടിയെത്തി 38 വർഷമായി സ്ഥിരതാമസക്കാരായ രാജനും രാധയ്ക്കും പറയാനുള്ളത് പട്ടയത്തിന്റെയും കുടിവെള്ളത്തിന്റെയും കാര്യം തന്നെ. എല്ലാവർക്കും കൂടി ഒരു പൊതു ടാപ്പുണ്ട്. തൊട്ടടുത്ത ലേബർ ക്യാമ്പിൽ ഹിന്ദിക്കാരായ അന്യസംസ്ഥാന തൊഴിലാളികളും. ശ്മശാനത്തോട് ചേർന്ന് താമസിക്കുന്ന ഇവർക്ക് ശവം കത്തിയെരിയുമ്പോഴുള്ള പുകയും മണവും ശ്വസിച്ച് ശീലമായി കഴിഞ്ഞു .

പ്ലാസ്റ്റിക് ഷീറ്റും റൂഫും ഉപയോഗിച്ചാണ് ഇവർ വീടുകൾക്ക് മേൽക്കൂര പണിതിരിക്കുന്നത്. ആന്ധ്ര കൾചറൽ സൊസൈറ്റി കോൺക്രീറ്റ് കട്ടകൾ കൊണ്ട് ഭിത്തിയും കെട്ടി കൊടുത്തു. എത്ര അംഗങ്ങളുണ്ടെങ്കിലും കുടുസ്സുമുറികളിൽ സന്തോഷത്തോടെ ഐക്യത്തോടെ കഴിയുന്നു. അസൗകര്യങ്ങൾ കുന്നോളമുണ്ടെങ്കിലും ആടും കോഴിയും നായയും തുടങ്ങി വളർത്തുമൃഗങ്ങളെയും ഒപ്പം കൂട്ടിയവരുണ്ട്. അഴുക്കു വെള്ളവും ഓടയും താമസക്കാരെ ചുറ്റിപ്പറ്റി കിടക്കുന്നു. സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാദ്ധ്യതകളേറെയാണ്. നിരവധി വിദ്യാർത്ഥികളും ഇവിടെയുണ്ട്. നഗരസഭയും സന്നദ്ധ സംഘടനകളും മനസ്സു വച്ചാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ തങ്ങൾക്കെന്ന് ഇവർ പറയുന്നു. ലൈഫ് ഭവന പദ്ധതിയിൽപ്പെടുത്തി സഹായിക്കാമെന്ന വാഗ്ദാനം തിരഞ്ഞെടുപ്പടുക്കുമ്പോൾ മാത്രം പൊങ്ങിവരുന്ന ഒന്നാണ്.