valsala

മുക്കം: മുക്കം നഗരസഭ ഓഫീസിലെ ചില ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഓഫീസ് പ്രവർത്തിക്കുന്ന 14ാം വാർഡ് 'വെരി ഹൈ റിസ്‌ക് ഏരിയ' ആയി മാറുകയും ചെയ്തതിനെ തുടർന്ന് നഗരസഭ ഓഫീസിലേയ്ക്ക് രണ്ടാഴ്ച ജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ചെയർമാൻ പി.ടി. ബാബു അറിയിച്ചു. ഇന്നലെ മുക്കം സി.എച്ച്.സിയുടെ കീഴിൽ കൊവിഡ് പരിശോധന ഉണ്ടായിരുന്നില്ല. വിവിധ സ്വകാര്യ ലാബുകളിൽ നടത്തിയ പരിശോധനയിൽ 80 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 21 പേർ മുക്കം സ്വദേശികളും 26 പേർ കാരശേരിക്കാരുമാണ്. മറ്റുള്ള 33 പേർ കൂടരഞ്ഞി, കൊടിയത്തൂർ, ചാത്തമംഗലം സ്വദേശികളാണ്. നഗരസഭയും മുക്കം സി.എച്ച്.സി.യും ചേർന്ന് ഹിറ റസിഡൻഷ്യൽ സ്‌കൂളിൽ നടത്തുന്ന സ്രവ പരിശോധന ക്യാമ്പ് ഇന്ന് രാവിലെ 9 മണിക്ക് തന്നെ തുടങ്ങുമെന്നും നാളെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്കും സ്ഥാനാർത്ഥികളുടെ ഏജന്റുമാർക്കും ക്യാമ്പിലെത്തി സ്രവ പരിശോധന നടത്താമെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. മുക്കം സി.എച്ച്.സിയിൽ ഇന്നലെ പതിവുപോലെ വാക്‌സിൻ വിതരണം നടന്നു. കോണിപ്പടി കയറി ഒന്നാം നിലയിൽ എത്താൻ കഴിയാതിരുന്ന ചിലർക്ക് താഴെ വച്ച് കുത്തിവയ്പ്പ് നൽകി. നോവലിസ്റ്റ് പി. വത്സല ഇന്നലെ ഇവിടെ നിന്ന് കുത്തിവയ്‌പ്പെടുത്തു. കുറച്ചു കാലമായി അവർ മകളുടെ കൂടെ അഗസ്ത്യൻ മുഴിയിലാണ് താമസം.