നമ്മുടെശരീരത്തിൽ യൂറിക് അസിഡിന്റെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് ഗൗട്ട് അഥവാ സന്ധിവാതം എന്നു പറയുന്നത്. ശരീരത്തിലെ കോശങ്ങൾ നശിക്കുമ്പോൾ ഉണ്ടാകുന്ന പ്യൂരിൻ വിഘടിച്ച് യൂറിക് ആസിഡ് ഉത്പാദിക്കപ്പെടുന്നു. ഭക്ഷണത്തിലെ മാംസ്യം (പ്രോട്ടീൻ) ദഹിച്ചതിന് ശേഷവും യൂറിക് ആസിഡ് ഉണ്ടാവുന്നു. രക്തത്തിലെ യൂറിക് ആസിഡിന്റെ സാധാരണ അളവ് 3.4-7 എംജി /ഡിഎൽ (പുരുഷൻമാരിലും) 2.4 - 6 എംജി /ഡിഎൽ (സ്ത്രീകളിലും) എന്നതാണ് കണക്ക് . മൂത്രത്തിലൂടെയും മലത്തിലൂടെയും യൂറിക് ആസിഡ് വിസർജിക്കപ്പെടുന്നു.
ശരീരത്തിൽ അധികമായി വരുന്ന യൂറിക് ആസിഡ് കാലിന്റെ പെരുവിരലിന്റെ സന്ധികളിൽ അടുഞ്ഞു കൂടുന്നതിന്റെ ഫലമായി അതികഠിനമായ വേദന, നീർക്കെട്ട്, വിരൽ അനക്കാൻ പറ്റാത്ത അവസ്ഥ എന്നിവ ഉണ്ടാകുന്നു. ഉയർന്ന യൂറിക് ആസിഡ് അളവ് ഹൃദ്റോഗത്തിനും രക്തസമ്മർദ്ദത്തിനും കാരണമായേക്കാം.
ഒഴിവാക്കേണ്ടത്
മാംസാഹാരങ്ങളിൽ ഭൂരിഭാഗവും പ്യൂരിൻ കൂടുതലുള്ളവയാണ്. അതിനാൽ എല്ലാദിവസവും അവ ഉപയോഗിക്കരുത്.
മട്ടൺ (ആട്ടിറച്ചി), ബീഫ് (മാട്ടിറച്ചി), ടർക്കി, പോർക്ക് (പന്നിയിറച്ചി), കരൾ, കിഡ്നി തുടങ്ങിയവ ഒഴിവാക്കണം.
മത്സ്യങ്ങളിൽ ചൂര, ചാള, മത്തി, നെത്തോലി, കോര, കിളിമീൻ, ചെമ്പല്ലി, കരിമീൻ, കലവ, പുഴമീൻ എന്നിവയിലും കടൽ വിഭവങ്ങളായ ചിപ്പി, കക്ക, കൊഞ്ച്, ചെമ്മീൻ തുടങ്ങിവയിലും പ്യൂരിൻ ഘടകം കൂടുതലാണ്. ഇവയുടെ ഉയോഗം പൂർണമായും ഒഴിവാക്കുക. മറ്റു മീനുകൾ, മുട്ടയുടെ വെള്ള, കോഴിയിറച്ചി (നിയന്ത്റിച്ച്) ഉപയോഗിക്കാവുന്നതാണ്.
സസ്യങ്ങളിൽ ചീര, കോളിഫ്ളവർ, കൂൺ, ഓട്സ് തുടങ്ങിയവ ഒഴിവാക്കുകയോ രക്തത്തിലെ അയണിന്റെ അളവ് അനുസരിച്ച് നിയന്ത്റിക്കുകയോവേണം.
പയർ, പരിപ്പ് വർഗ്ഗങ്ങളുടെ ഉപയോഗം നിയന്ത്റിക്കണം. മറ്റു പച്ചക്കറികൾ, ധാന്യങ്ങളെല്ലാം ഭക്ഷണത്തിൽ ഉൾപ്പടുത്താവുന്നതാണ്.
ഉൾപ്പെടുത്തേണ്ടത്
വിറ്റാമിൻ -സി അടങ്ങിയ ഭക്ഷണങ്ങൾ അല്ലെങ്കിൽ പഴങ്ങൾ ഉൾപ്പെടുത്തണം. ഇത് ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് പുറന്തള്ളാൻ സഹായിക്കുന്നു. അതിനാൽ ഓറഞ്ച്, പപ്പായ, ചെറി, കിവിപഴം, നെല്ലിക്ക, പേരയ്ക്ക, നാരങ്ങ തുടങ്ങിയവ ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
നാരങ്ങാനീര് ശരീരത്തിലെ ആൽക്കലീൻ അളവ് കൂട്ടാൻ സഹായിക്കുന്നു. ആതിനാൽ ദിവസേന ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ഗുണംചെയ്യും. നിയന്ത്റണ വിധേയമായി നട്സ് കഴിക്കുന്നതും നല്ലതാണ്.
മുട്ട, കൊഴുപ്പ് നീക്കിയ പാൽ, പഴവർഗങ്ങൾ, ധാന്യാഹാരങ്ങൾ തുടങ്ങിയവയിൽ താരതമ്യേന പ്യൂരിൻ കുറവാണ്. ബാർളി, കിഴങ്ങുവർഗങ്ങൾ, ക്വിനോവ എന്നിവയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
ദിവസേന രണ്ട് മുതൽ മൂന്ന് ലിറ്റർ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഇതുവഴി ശരീരത്തിൽ കൂടുതലുള്ള യൂറിക് ആസിഡ് വൃക്കയിൽ നിന്ന് മൂത്രമായി വിസർജ്ജിക്കുന്നു.
ശ്രദ്ധിക്കാം ചിലത്
* മദ്യത്തിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കണം.
* ശരീരഭാരം നിയന്ത്റിക്കണം
* മാനസിക സമ്മർദ്ദം കുറയ്ക്കണം.
*പഞ്ചസാരയുടെ ഉയോഗം നിയന്ത്രിക്കണം.
* നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തണം.
* ഹൃദ്റോഗം, പ്രമേഹം, കിഡ്നി രോഗങ്ങൾ, കരൾ രോഗങ്ങൾ, തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിവയുള്ളവർ ഒരു ഡയറ്റീഷ്യന്റെ നിർദ്ദേശപ്രകാരം മാത്രം ദൈനംദിന ഭക്ഷണം ക്രമീകരിക്കേണ്ടതും ഒറ്റമൂലികൾ ഒഴിവാക്കേണ്ടതുമാണ്.
ലിയ എം.ബി. പിള്ള
ഡയറ്റീഷ്യൻ
എസ്.യു.ടി. ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം