fg

വർക്കല: കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ സംസ്കാരച്ചടങ്ങുകൾ നടത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാതൃകയായി. ചെമ്മരുതി ശ്രീനിവാസപുരം റോഡുവിള വീട്ടിൽ ദേവകിയാണ് (81) വീട്ടിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം മരിച്ചത്. ഏക മകൾ ലതിക മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. വിധവയായ മകൾ ലതികയ്ക്ക് മക്കളില്ല. ലതികയും കൊവിഡ് രോഗിയായതിനാൽ വീട്ടിലേക്ക് കയറിച്ചെല്ലാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല.

അമ്മയുടെ മൃതദേഹം സംസ്കരിക്കാൻ വഴി കണ്ടെത്താനാകാതെ മകൾ വിഷമിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ഷേണായി ഡി.വൈ.എഫ്.ഐ വോളന്റിയർമാരുടെ സഹായം തേടി. തുടർന്ന് പി.പി.ഇ കിറ്റ് ധരിച്ചെത്തിയ വോളന്റിയർമാർ മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു. ഇതിനുശേഷം മൃതദേഹം സംസ്‌കരിച്ചു.

ചെമ്മരുതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ, ഡി.വൈ.എഫ്.ഐ വർക്കല ബ്ലോക്ക് സെക്രട്ടറി ലെനിൻ രാജ്, ബ്ലോക്ക് പ്രസിഡന്റ് സൂരജ്, ജില്ലാ കമ്മിറ്റി അംഗം റിയാസ് വഹാബ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബിമൽ മിത്ര, ചെമ്മരുതി മേഖലാ സെക്രട്ടറി രാകേഷ് ബാബു, ലാൻജിത്ത് ലെനിൻ, റോജിൻ, ആശാ വോളന്റിയർ ഹരിജ എന്നിവർ നേതൃത്വം നൽകി.