തിരുവനന്തപുരം: ജില്ലയിൽ ഇത്തവണ വോട്ടെണ്ണൽ നടക്കുന്നത് കർശന സുരക്ഷയോടെയും കൊവിഡ് പ്രോട്ടോക്കോളും പാലിച്ച്. ഇതിന്റെ ഭാഗമായി പ്രശ്നബാധിത പ്രദേശങ്ങളിൽ പൊലീസിന്റെ കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ആറിന് സ്‌ട്രോംഗ് റൂമുകൾ തുറക്കും. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ. രാവിലെ എട്ടിന് തപാൽ വോട്ടുകളും,​ എട്ടരയോടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. പത്തുമണിയോടെയാകും ആദ്യ ഫലസൂചനകൾ ലഭിച്ചുതുടങ്ങുക. 14 കേന്ദ്രങ്ങളിലായിരിക്കും ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുക. കൊവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളും ഇന്നലെ അണുവിമുക്തമാക്കി. വോട്ടെണ്ണലിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിരിക്കുന്ന നിരീക്ഷകന്റെ സാന്നിദ്ധ്യത്തിൽ അതത് വരണാധികാരികളായിരിക്കും സ്‌ട്രോംഗ് റൂമുകൾ തുറക്കുന്നത്. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ടേബിളുകളിലേക്ക് മാറ്റും. ബൂത്ത് നമ്പർ ക്രമത്തിലാകും യന്ത്രങ്ങൾ ടേബിളുകളിൽ സജ്ജീകരിക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തിൽ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ മൂന്ന് ഹാളുകളിലായാണ് വോട്ടെണ്ണൽ നടക്കുക. ഒരു ഹാളിൽ ഏഴു ടേബിളുകളുണ്ടാകും. ഇങ്ങനെ മൂന്ന് ഹാളുകളിലുമായി 21 ടേബിളുകളാണ് ഒരു റൗണ്ട് വോട്ടെണ്ണുന്നത്. 15, 16 റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകും.

 കർശന പൊലീസ് സുരക്ഷ

വർക്കല, പോത്തൻകോട്, ആറ്റിങ്ങൽ, വെഞ്ഞാറമ്മൂട്, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട, മലയിൻകീഴ്, നെയ്യാറ്റിൻകര, പാറശാല എന്നിവിടങ്ങളെ 10 ഇലക്ഷൻ സബ് ഡിവിഷനുകളായി തിരിച്ച് ഓരോ സബ് ഡിവിഷിനിലും ഓരോ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘത്തെ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. 38 പൊലീസ് സ്റ്റേഷനുകളിൽ 175 വാഹന പട്രോളിംഗ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റുകളും ഏർപ്പെടുത്തി. മിനി ലോക്ക്ഡൗണിന്റെ നിയന്ത്രണങ്ങൾ ഇന്നും ബാധകമായിരിക്കും. ഇതിന്റെ പരിശോധനയുമുണ്ടാകും.