qq

കിളിമാനൂർ: വർണക്കുടകളും പുത്തൻ ബാഗുകളുമായി കുട്ടികളെ കാത്തിരിക്കാറുള്ള സ്കൂൾ വിപണി ഇത്തവണയും ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയാണ്. കൊവിഡ് രണ്ടാം തരംഗം ആഞ്ഞുവീശുമ്പോൾ ഉയിർത്തെഴുന്നേൽപ്പിന് ആവതില്ലാതെ സ്കൂൾ വിപണി തളരുന്നു. കഴിഞ്ഞ കുറെ കൊല്ലമായി പ്രളയം, ഓഖി, കൊവിഡ് എന്നിങ്ങനെ വിവിധ കാരണങ്ങൾ കൊണ്ട് സ്കൂൾ വിപണി തകർച്ചയിലായിരുന്നു. കഴിഞ്ഞതവണ തകർന്നുവീണ വിപണി ഇത്തവണയെങ്കിലും തിരിച്ച് പിടിക്കാമെന്ന കച്ചവടക്കാരുടെ പ്രതീക്ഷകളാണ് കൊവിഡിന്റെ രണ്ടാംവരവ് തച്ചുടച്ചത്.

പുത്തൻ യൂണിഫോമുകളുടെയും വർണക്കുടകളുടെയും ബാഗുകളുടെയും സ്റ്റോക്ക് എടുത്തിട്ടില്ലാത്തതിനാൽ വർഷത്തിൽ ഏറ്റവുമധികം കച്ചവടം കിട്ടുന്ന സീസണിൽ കടയിലെ പഴയ സ്റ്റോക്കിന്റെ പൊടിതുടച്ചിരിക്കേണ്ട ഗതികേടിലാണ് വ്യാപാരികൾ. സ്കൂൾ തുറപ്പ് അനിശ്ചിതത്വമായി തുടരുന്നതിനാൽ ഇപ്രാവശ്യം ഭൂരിഭാഗം സ്കൂളിലും യൂണിഫോമിന്റെ പണം ഈടാക്കുന്നില്ല. ഈ വർഷവും ക്ലാസുകൾ ഓൺലൈനായി ആരംഭിക്കുന്നതിനാലാണ് വിപണിയിൽ ഉണർവ് പ്രകടമാകാത്തത്.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നൽകുന്ന ഓർഡർ അനുസരിച്ച് മാർച്ച് അവസാനത്തോടെ സ്റ്റോക്ക് കടകളിൽ എത്തുന്നതാണ് പതിവ് രീതി. കഴിഞ്ഞവർഷം വ്യാപാരികൾ ഓർഡർ നൽകിയെങ്കിലും ചരക്കുമായി പുറപ്പെട്ട വാഹനങ്ങൾ പലതും ലോക്ഡൗണിൽ പെട്ടതോടെ കൃത്യസമയത്ത് ഇവിടെ സാധനങ്ങൾ എത്തിയിരുന്നില്ല. വൈകിയെത്തിയ സാധനങ്ങൾ ചിലവായതുമില്ല. യൂണിഫോമുകൾ റെഡിമെയ്ഡ് ആയി എത്തിച്ച് നൽകുന്നവരും ഇത്തവണ ജോലികൾ ആരംഭിച്ചിട്ടില്ല. ലോക്ക് ഡൗൺ വരുത്തിവെച്ച സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് പലരും കരകയറിയിട്ടില്ല. സാധാരണക്കാരിൽ ഭൂരിഭാഗവും പഴയ ബാഗം പഠനോപകരണങ്ങളും തന്നെയാവും ഉപയോഗിക്കുക.

**നോട്ടുബുക്കുകൾക്കും മറ്റു പഠനോപകരണങ്ങൾക്കും ചെലവുണ്ടെങ്കിലും നെയിം സ്ലിപ്പുകൾ, വാട്ടർ ബോട്ടിലുകൾ പാത്രങ്ങൾ എന്നിവയുടെ സ്റ്റോക്കും ആരും എടുക്കുന്നില്ല.

നൂലുപൊട്ടി തുന്നൽതൊഴിലാളികൾ

നിലവിലെ അവസ്ഥ ഉത്പാദകരെയും വിതരണക്കാരെയും ചെറുകിട വ്യാപാരികളെയും ബാധിച്ചിട്ടുണ്ട്. സ്‌കൂൾ വിപണി ലക്ഷ്യമാക്കി കുട, ചെരിപ്പ് നിർമാണം നടത്തുന്ന ചെറുകിട യൂണിറ്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. വ്യാപാരികൾക്കൊപ്പം തന്നെ ദുരിതത്തിലായ മറ്റൊരു വിഭാഗം തുന്നൽത്തൊഴിലാളികളാണ്. സ്‌കൂൾ തുറക്കുന്ന സമയത്തെ ജോലികൾ കൊണ്ടാണ് തൊഴിലാളികളും പല ടെയ്‌ലറിംഗ് യൂണിറ്റുകളും പിടിച്ചു നിന്നിരുന്നത്. സാധാരണ സ്‌കൂൾ സീസണിൽ നല്ലവരുമാനം ലഭിച്ചിരുന്നവർ നിത്യവൃത്തിക്കുള്ള ജോലി പോലും ലഭ്യമാകാത്ത അവസ്ഥയിലാണ്. സ്‌കൂൾ തുറന്നാലും സാധാരണക്കാരുടെ കുടുംബങ്ങൾക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് വിപണിയെയും സ്വാധീനിക്കുമെന്നത് ഉറപ്പാണ്.

മഴനനയാതെ വർണക്കുടകൾ

സ്കൂൾ തുറക്കുമ്പോൾ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഒന്നാണ് കുടകൾ. അതും കുട്ടികൾ എറെ ഇഷ്ടപ്പെടുന്ന വർണക്കുടകൾ. മഴ ആരംഭിച്ചതോടെ കുറച്ച് കുടകൾ വിറ്റുപോയെങ്കിലും കുട്ടികൾക്ക് വേണ്ടി നിർമ്മിച്ചവയ്ക്ക് വില്പന നടന്നിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കൊവിഡ് വ്യാപനം കൂടിയതോടെ സ്കൂൾ വിപണി ഇത്തവണയും ഗുണം ചെയ്യില്ലെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.