തിരുവനന്തപുരം: മെഡിക്കൽ കോളേജ് പരിസരത്ത് പ്രവർത്തിക്കുന്ന പാർട്ടി സഖാവിന്റെ മെഡിക്കൽ സ്റ്റോറിനു കച്ചവടം കൂട്ടാൻ വേണ്ടിയാണ് എസ്.എ.ടിയിലെ മെഡിക്കൽ സ്റ്റോർ മേയർ നേരിട്ടെത്തി പൂട്ടിയതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റും കൗൺസിലറുമായ വി.വി. രാജേഷ് പറഞ്ഞു.

എസ്.എ.ടിയിലെ ഡ്രഗ് ബാങ്ക് തുറക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭയിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കൽ സ്റ്റോർ പൂട്ടിയതിനുശേഷം ഞങ്ങൾ ശ്‌മശാനം തുറക്കുന്നുവെന്ന് പോസ്റ്റിടുന്നത് മേയർക്ക് അലങ്കാരമായിരിക്കും. എന്നാൽ കൗൺസിലർമാർക്കും നഗരസഭയ്ക്കും നാണക്കേട് ഉണ്ടാക്കുന്നതാണ്.

നഗരസഭയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയെന്നും രാജേഷ് ആരോപിച്ചു. ആംബുലൻസുകളോ ഭക്ഷണമോ നൽകാൻ നഗരസഭയ്ക്ക് സാധിക്കുന്നില്ല. കൗൺസിലർമാരുടെ വാഹനങ്ങളിലാണ് രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്ന് ഭരണകക്ഷിയിലെ കൗൺസിലർമാർ പോലും സമ്മതിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കൊവിഡ് മഹാമാരി പ്രതിരോധിക്കാൻ നഗരസഭ ഒന്നും ചെയ്യാത്തതിൽ പ്രതിഷേധിച്ച് മേയർ വിളിച്ചുചേർത്ത സർവകക്ഷിയോഗം ബി.ജെ.പി ബഹിഷ്‌കരിച്ചെന്നും വി.വി. രാജേഷ് പറഞ്ഞു. ധർണയിൽ എം.ആർ. ഗോപൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി. ഗിരികുമാർ, തിരുമല അനിൽ, മധുസൂദനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.