തിരുവനന്തപുരം:കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാർക്ക് ഒാഫ് വെട്ടിക്കുറച്ചതിനെതിരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സുമാർ പ്രതിഷേധിച്ചു.10 ദിവസം ഡ്യൂട്ടിക്ക് മൂന്ന് ഒാഫ് എന്ന ക്രമം തന്നെ തുടരണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.വീക്ക്ലി ഒാഫ് മാത്രമെടുത്ത് തുടർച്ചയായി കൊവിഡ് ഡ്യൂട്ടി ചെയ്യണമെന്ന് നിർദ്ദേശിച്ച് ആശുപത്രി സൂപ്രണ്ട് കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു.ഈ ഉത്തരവ് പ്രതിഷേധക്കാർ കത്തിച്ചു.
ഇന്നലെ രാവിലെ 7.30 മുതൽ എട്ട് വരെ ജോലിക്ക് തടസം വരാത്ത രീതിയിലായിരുന്നു പ്രതിഷേധം.ഐ.സി.യുവിലെ കൊവിഡ് ഡ്യൂട്ടി ഏഴ് ദിവസവും വാർഡിലേത് 10 ദിവസവുമാണ്. കൊവിഡ് ആരംഭത്തിൽ 14 ദിവസം ജോലി ചെയ്താൽ അടുത്ത 14 ദിവസം അവധി ലഭിച്ചിരുന്നു. പിന്നീട് ഇത് ഏഴ് ദിവസമായി ചുരുക്കി. ഇപ്പോൾ പത്ത് ദിവസത്തിനിടെ മൂന്ന് ഒാഫ് എന്ന ക്രമമാണ് പിന്തുടരുന്നത്. കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ഒാഫ് കഴിഞ്ഞ് തിരികെയെത്തുമ്പോൾ കൊവിഡിതര വാർഡിലാണ് ഡ്യൂട്ടി നൽകാറ്. പുതിയ ഉത്തരവ് പ്രകാരം കൊവിഡ് വാർഡിലോ ഐ.സി.യുവിലോ ജോലി ചെയ്യുന്നവർ അവിടെത്തന്നെ തുടരേണ്ടിവരും. ഇത് പ്രായോഗികമല്ലെന്നാണ് നഴ്സുമാർ പറയുന്നത്.തുടർച്ചയായ കൊവിഡ് ഡ്യൂട്ടി ഇവരെ തളർത്തുന്നുണ്ട്. മണിക്കൂറുകളോളം പി.പി.ഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുമുണ്ട്. ടോയ്ലെറ്റിൽ പോകാതെയും വെള്ളം കുടിക്കാതെയും ദീർഘനേരം ജോലി ചെയ്യേണ്ടതായും വരും. കുട്ടികളെ ബന്ധുവീടുകളിൽ നിറുത്തിയാണ് പലരും കൊവിഡ് ഡ്യൂട്ടിക്കെത്തുന്നത്. ഇതുവരെ മെഡിക്കൽ കോളേജിൽ 220 നഴ്സുമാരും എസ്.എ.ടിയിൽ 60 നഴ്സുമാരും രോഗബാധിതരായിട്ടുണ്ട്. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്നും നഴ്സുമാർ പറഞ്ഞു.