കിളിമാനൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച മടവൂർ പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി പഞ്ചായത്ത് ഒൻപതാം വാർഡ് സമിതി. കൊവിഡ് പ്രതിരോധം കാര്യക്ഷമമാക്കുന്നതിനായി ഓരോ വീട്ടിലും ബോധവത്കരണം നടത്തി പ്രതിരോധ പ്രവർത്തനം എന്നിവ ശക്തമാക്കാനുള്ള ഉദ്ദേശ്യത്തോടെ തുമ്പോട് കേന്ദ്രമാക്കി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.ഹെൽപ്പ് ഡെസ്കിലൂടെ സൗജന്യ വാക്‌സിൻ രജിസ്ട്രേഷൻ,വാക്‌സിൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ,സൗജന്യ ആംബുലൻസ് സേവനം,കൊവിഡ് ടെസ്റ്റിനുള്ള സൗകര്യമൊരുക്കൽ തുടങ്ങിയവ ലഭ്യമാക്കും.വാർഡിലെ 15 പേരുള്ള കൊവിഡ് സേനാംഗങ്ങൾ 5 ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകളിലെത്തി വെള്ളം തിളപ്പിക്കുന്നതിനുള്ള ആയുർവേദ ചൂർണം വീടുകളിലെത്തിക്കും.പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജു ദേവ്,പള്ളിക്കൽ സർക്കിൾ ഇൻസ്‌പെക്ടർ മടവൂർ കുടുംബരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ,ഹെൽത്ത് ഇൻസ്‌പെക്ടർ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ,ആശാവർക്കർ,കൊവിഡ് പ്രതിരോധസേന അംഗങ്ങൾ,ആർ.ആർ.ടി അംഗം തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.