vote

തിരുവനന്തപുരം: തുടർഭരണമോ?​ ഭരണമാറ്റമോ?​ ഇന്നുറപ്പിക്കാം. മൂന്നാഴ്ചയിലേറെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച്,​ വോട്ടെണ്ണലിന്റെ ഫലം അറിയാൻ കേരളം ഇന്ന് കൊവിഡ് ഭീതിയിൽ വരിഞ്ഞുമുറുകിയ ആകാംക്ഷയുമായി ചാനലുകൾക്കു മുന്നിൽ കാത്തിരിക്കും. ജയപരാജയങ്ങൾ മഹാമാരിയിൽ മുങ്ങിപ്പോകുന്ന ഇങ്ങനെയൊരു വോട്ടെണ്ണൽ കേരള ചരിത്രത്തിൽ ആദ്യം.

രാവിലെ 10 മണിക്കുമുമ്പ് ആദ്യ സൂചന വരും. അന്തിമ ഫലം വൈകിട്ട് നാലാേടെ അറിയാം.

എട്ടു മണിക്ക് വോട്ടെണ്ണൽ തുടങ്ങാൻ സ്ട്രോങ് റൂമുകൾ ആറു മണിക്ക് തുറന്ന് വോട്ടിംഗ് യന്ത്രം കൗണ്ടിംഗ് ഹാളുകളിലേക്ക് കൊണ്ടുവരും.

ആദ്യം തപാൽ വോട്ട് എണ്ണും. എട്ടു മണിക്ക് മുമ്പ് എത്തിക്കുന്ന തപാൽ വോട്ടുകളും സ്വീകരിക്കും. 80 കഴിഞ്ഞവർ,​ കൊവിഡ് രോഗികൾ,​ ഭിന്നശേഷിക്കാർ, അവശ്യ സർവീസുകാ‌ർ, പോളിംഗ് ഉദ്യോഗസ്ഥർ എന്നിങ്ങനെ

തപാൽ വോട്ടുകൾ കൂടിയതിനാൽ അതിന്റെ ഫലം അറിയാൻ 9.30 ആകുമെന്നാണ് സൂചന.

സാമൂഹിക അകലത്തിനായി ബൂത്തുകൾ കൂട്ടിയതിനാൽ വോട്ടിംഗ് യന്ത്രങ്ങളും കൂടുതലാണ്. കൗണ്ടിംഗ് ടേബിളുകൾ ഓരോ ഹാളിലും 21 ആയി ഉയർത്തി. ഒരു യന്ത്രത്തിൽ പരമാവധി 1000 വോട്ടാണ് ചെയ്യാവുന്നത്. മൊത്തം വോട്ടും ചെയ്ത ബൂത്തുകൾ കുറവാണ്. അതിനാൽ, ഓരോ യന്ത്രത്തിലെയും വോട്ട് എണ്ണാനുള്ള സമയവും വ്യത്യസ്തമായിരിക്കും. സാങ്കേതികമായി, ഒരു ഹാളിൽ നിന്ന് 21,​000 വോട്ടുകളുടെ ഫലം അറിയാം. യന്ത്രങ്ങൾ കൂടുതലുള്ളതിനാൽ ഫലം അറിയാൻ കൂടുതൽ സമയമെടുക്കും.

ഫലം വരുന്നത്

 17c ഫോമിൽ വോട്ട്നില രേഖപ്പെടുത്തും. ഏജന്റുമാർ ഒപ്പുവയ്ക്കും

 തിര.കമ്മിഷന്റെ സോഫ്റ്റ്‌വെയറിൽ വോട്ടുനില അപ് ലോഡ് ചെയ്യും

 അത് കമ്മിഷന്റെ വെബ്സൈറ്റിൽ വരും. ഹാളിലെ സ്ക്രീനിലും തെളിയും

 തപാൽവോട്ടിനെക്കാൾ കുറവാണ് വിജയിയുടെ ഭൂരിപക്ഷമെങ്കിൽ അവ വീണ്ടും എണ്ണും

തിരഞ്ഞെടുപ്പ്

 140 മണ്ഡലങ്ങൾ

 957 സ്ഥാനാർത്ഥികൾ

2.67 കോടി വോട്ടർമാർ

 74.06 % പോളിംഗ്

പോസ്റ്റൽ വോട്ട്

 വിതരണം ചെയ്ത ബാലറ്റ്... 5,84,238

 തിരിച്ചെത്തിയത്... ................4,54,237

 ശേഷിക്കുന്നത്.......................1,30,001

(ഇന്ന് എട്ടു മണിക്ക് മുമ്പ് കിട്ടണം)

 മണ്ഡലത്തിൽ ശരാശരി........4100

വോട്ടെണ്ണൽ

 കേന്ദ്രങ്ങൾ-114

ബാലറ്റ് യൂണിറ്റുകൾ- 50,496

 ഒരുഹാളിൽ ടേബിൾ - 21

 മൊത്തം 9 റൗണ്ട്

 എണ്ണുന്ന ജീവനക്കാർ 24,709

മലപ്പുറം ഉപതിരഞ്ഞെടുപ്പ്

ബാലറ്റ് യൂണിറ്റുകൾ 594

'പാേസ്റ്റൽ വോട്ടുകൾ കൂടിയതിനാൽ ഫലപ്രഖ്യാപനം വൈകും. അന്തിമഫലം വൈകിട്ട് 4 മണിയോടെ മാത്രം. ട്രെൻഡ് അറിയുന്നതിനുള്ള സോഫ്റ്റ്‌വെയർ

ഇത്തവണയില്ല. കൃത്യമായ ഫലം വേഗത്തിൽ നൽകാനുള്ള സജ്ജീകരണം നടത്തിയിട്ടുണ്ട്".

-ടിക്കാറാം മീണ,

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ