food

 പച്ചക്കറികളും മറ്റു ഭക്ഷണപദാർത്ഥങ്ങളും വേവിക്കാതെ കഴിക്കുന്നത് കൊവിഡ് കാലത്ത് പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം. സലാഡിനും മറ്റുമായി പച്ചക്കറികൾ ഉപയോഗിക്കുമ്പോഴും നന്നായി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തൊലി കളയാവുന്ന പഴങ്ങൾ തിരഞ്ഞെടുക്കാം.

 കടുത്ത ഭക്ഷണനിയന്ത്രണം (ഡയറ്റ്) ഈ സമയത്ത് വേണ്ട. പ്രകൃതിദത്തമായ രീതിയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തിയ സമീകൃതഭക്ഷണം വേണം ശീലിക്കാൻ

 ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങളായ നാരങ്ങ, വെളുത്തുള്ളി, കറുവപ്പട്ട എന്നിവ ഉൾപ്പെടുന്ന ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.

 വളരെ വേഗത്തിൽ ഫലം ലഭിക്കുമെങ്കിലും ഡയറ്റീഷ്യന്മാരും ആരോഗ്യവിദഗ്ധരും ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാത്ത ഒന്നാണ് കീറ്റോ ഡയറ്റ്. ഏറെ പാർശ്വഫലങ്ങൾ പലരിലും കീറ്റോ കാരണം ഉണ്ടാവുന്നുവെന്നതാണ് ഇതിനു കാരണം. അതിനാൽ കീറ്റോ ഡയറ്റ് കൊവിഡ്കാലത്ത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.

 ഏറെ കൊഴുപ്പുള്ള ഭക്ഷണങ്ങൾ, ജങ്ക് ഫുഡ് എന്നിവയും അനാരോഗ്യകരമാണ്.

 ജിം, ഹെൽത്ത് ക്ലബ്ബുകൾ എന്നിയില്ലെങ്കിലും വീട്ടിലും ചെറിയ വ്യായാമങ്ങൾ ചെയ്യാവുന്നതെയുള്ളൂ.

 കൊവിഡ് കാലത്തിനൊപ്പം കനത്ത വേനൽക്കാലത്തെ കൂടിയാണിത്. നന്നായി വെള്ളം കുടിച്ച് ശരീരത്തിന്റെ ജലാംശം നിലനിർത്തേണ്ടതുണ്ട്. ഒപ്പം തൈര്, മോരുവെള്ളം എന്നിവയൊക്കെ കുടിക്കുന്നത് ചൂടിനെ പ്രതിരോധിക്കുന്നതിനൊപ്പം പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നല്ലതാണ്.

 ജ്യൂസുകൾ കഴിവതും വീട്ടിലുണ്ടാക്കി കഴിക്കുക. പുറത്തു നിന്നുള്ള ജ്യൂസുകൾ ഒഴിവാക്കുക. ഒരുപാട് തണുപ്പിച്ച് വെള്ളമോ ജ്യൂസോ കഴിക്കുന്നതും ഒഴിവാക്കണം. കൂടുതൽ തണുപ്പുള്ള ഭക്ഷണങ്ങൾ തൊണ്ടയ്ക്ക് അസ്വസ്ഥതകൾ ഉണ്ടാക്കാനും തൊണ്ടവേദനയിലേക്കോ ജലദോഷത്തിലേക്കോ സാദ്ധ്യതയുണ്ട്.

 പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നതും പരമാവധി ഒഴിവാക്കുക. വീട്ടിൽ പാചകം ചെയ്തു കഴിക്കുന്നതിന് പ്രാധാന്യം കൊടുക്കാം. കോൺഫ്ളെക്സ്, ഓട്സ്, മുട്ട, പഴങ്ങൾ എന്നിവയൊക്കെ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

 കൊവിഡ് കാലമായതിനാൽ പലരും വർക്ക് ഫ്രം ഹോം ആണ്. ഇത്തരത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും തുടർച്ചയായി കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന രീതി ഒഴിവാക്കുക. ഇടയ്ക്ക് എണീറ്റ് നടക്കാനും വെള്ളം കുടിക്കാനുമൊക്കെ പ്രത്യേകം ശ്രദ്ധിക്കണം.