പാലോട്: നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും, കോളനികളിലും കൊവിഡ് രോഗബാധ കൂടുന്നു. പല മേഖലകളിലും പരിശോധന നടക്കുന്നില്ലെന്ന് പരാതി വ്യാപകമാണ്. നാട്ടിൻ പുറങ്ങളിൽ കിട്ടുന്ന സുരക്ഷിതത്വം ആദിവാസി മേഖലകളിൽ കിട്ടാറില്ല. ചില ആദിവാസി ഊരുകളിൽ നിന്നും മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമാണ് നാട്ടിലെത്തുന്നത്. ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച് തിരികെ കുടിലുകളിലെത്തുകയാണ് പതിവ്. സർക്കാർ പ്രൊമോട്ടർമാരാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ഡിപ്പാർട്ട്മെന്റിന് കൈമാറുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പല പ്രൊമോട്ടർമാർക്കും ഊരുകളിലെത്താൻ കഴിയാറില്ല. ഇവരിൽ പലർക്കും കൊവിഡ് വാക്സിൻ എടുക്കാൻ കഴിഞ്ഞിട്ടില്ല. രജിസ്ട്രേഷനെ കുറിച്ച് ഒരറിവും ഇവർക്കില്ല. അറിയിപ്പുകൾ യഥാസമയം നൽകിയെങ്കിലും ഇവർ പലരും കൊവിഡ് ടെസ്റ്റിന് വിമുഖത കാട്ടുകയാണ്. നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിൽ പ്രത്യേക ക്യാമ്പുകൾ നടത്തുകയും ബോധവത്കരണം നടത്തിയും സ്ഥിതിഗതികൾ നിയന്ത്രിക്കണമെന്നാണ് ആവശ്യം.

കൊവിഡ് വ്യാപനം മുൻനിറുത്തി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ആദിവാസി മേഖലയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യധാന്യമെത്തിക്കണമെന്നാണ് ആവശ്യം. നിലവിൽ നന്ദിയോട് പഞ്ചായത്തിലെ വട്ടപ്പൻകാട്, നാഗര, ഭദ്രംവച്ചപാറ, നീർപ്പാറ, പച്ചമല ,കാപ്പി തോട്ടം പെരിങ്ങമ്മല പഞ്ചായത്തിലെ താന്നിമൂട്, വെട്ടിക്കാട്, കൊന്നമൂട്, മുത്തിക്കാണി, വെങ്കിട്ട മൂട്, ഞാനീലി,ആലുമ്മൂട്, ഇലഞ്ചിയം തുടങ്ങിയ സ്ഥലങ്ങളിലാണ് ആരോഗ്യ പ്രവർത്തകരുടെ സേവനം ആവശ്യമായിട്ടുള്ളത്.

കർശന പരിശോധനയുമായി പാലോട് പൊലീസ്

നന്ദിയോട്, പെരിങ്ങമ്മല, പനവൂർ പഞ്ചായത്തുകളിൽ പൊലീസ് പരിശോധന ശക്തമാക്കിയും കാവൽ ഗ്രൂപ്പുകളുടെ സേവനവും ജാഗ്രതാ സമിതികളുടെ പ്രവർത്തനവും ഏകോപിപ്പിച്ച് കൊവിഡ് നിയന്ത്രണം ശക്തമാക്കി. നിലവിൽ പൊലീസ് വാഹന പരിശോധന ശക്തമാക്കിയതിനെ തുടർന്ന് അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. പഞ്ചായത്തുതല കാവൽ ഗ്രൂപ്പ് അംഗങ്ങൾ ഓരോ ദിവസവും 10 വീടുകൾ വീതം സന്ദർശിച്ച് വീട്ടുകാരുടെ ആരോഗ്യസ്ഥിതി ആരോഗ്യ പ്രവർത്തകരെ അറിയിച്ച് പരിഹാരം കാണുന്നുണ്ട്.

നന്ദിയോട് പഞ്ചായത്ത് മേഖലയിൽ കാവൽ ഗ്രൂപ്പ്, ജാഗ്രതാ സമിതി എന്നിവയ്ക്ക് പുറമേ ദ്രുതകർമ്മ സേനയ്ക്കും രൂപം നൽകിയിട്ടുണ്ട്. ദ്രുത കർമ്മ സേനയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ, പാലോട് എസ്.ഐ അൻസാരി, പബ്ലിക്ക് ഹെൽത്ത് നഴ്സ് രാഖി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷഹീർ, ആരോഗ്യ, ആശ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് മേറ്റുമാർ എന്നിവർ പങ്കെടുത്തു.

നന്ദിയോട് പഞ്ചായത്തിൽ 200 കൊവിഡ് രോഗികൾ  മൂന്ന് മരണം

പെരിങ്ങമ്മല പഞ്ചായത്തിൽ 128 രോഗികൾ മൂന്ന് മരണവും

നിലവിൽ രണ്ടു പഞ്ചായത്തുകളിലും പൊലീസ് നിയന്ത്രണം ശക്തമാണ്. രോഗം പകരുമെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയ പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അനാവശ്യമായി വാഹനങ്ങളിൽ കറങ്ങാനിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പാലോട് എസ്.ഐ നിസാറുദ്ദീൻ അറിയിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും രാത്രികാല കർഫ്യൂ കർശനമാക്കുമെന്നും പാലോട് സി.ഐ സി.കെ. മനോജ് അറിയിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ കൊച്ചു കരിക്കകം, ഇക്ബാൽ കോളേജ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാണ്.