വിതുര: കത്തുന്ന വേനൽച്ചൂടിന് ശമനമേകി പെയ്തിറങ്ങുന്ന വേനൽമഴ മലയോരമേഖലയിൽ കനത്ത നാശനഷ്ടം വിതയ്ക്കുന്നു. ഒരാഴ്ചയായി ഉച്ചതിരിഞ്ഞ് വിതുര, തൊളിക്കോട്, ആര്യനാട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ മണിക്കൂറുകളോളം പെയ്യുന്ന മഴയും,​ ശക്തമായ കാറ്റും, ഇടിമിന്നലും അനുഭവപ്പെടുന്നുണ്ട്. മഴയത്ത് പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിലെ മിക്ക റോഡുകളും വെള്ളത്തിൽ മുങ്ങും .വിതുര-പാലോട്,മടത്തറ, വിതുര ആര്യനാട് റോഡുകളുടെ അവസ്ഥയും വിഭിന്നമല്ല.

അടുത്തിടെ റോഡുകൾ ടാറിംഗ് നടത്തിയെങ്കിലും ഒാടകൾ നിർമ്മിക്കാത്തതുമൂലമാണ് റോഡുകൾ വെള്ളത്തിനടിയിലാകുന്നത്. ശക്തമായ കാറ്റിനെ തുടർന്ന് വാഴ, പച്ചക്കറി, മരിച്ചീനി കൃഷികൾ വ്യാപകമായി നശിച്ചു. റബർ കർഷകരുടെ അവസ്ഥയും വിഭിന്നമല്ല. എസ്റ്റേറ്റുകളിലും, വിളകളിലുമായി നൂറുകണക്കിന് റബർമരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് മഴയും കാറ്റും വിതച്ചത്.

ആദിവാസിമേഖലകളിലെ അനവധി വീടുകളിലെ മേൽക്കൂരകൾ കാറ്റത്ത് തകർന്നു. തോട്ടം മേഖലകളിൽ നിരവധി ലായങ്ങളുടെ മേൽക്കൂരകളും കാറ്റത്ത് നിലം പൊത്തി. ബോണക്കാട്, പൊൻമുടി എസ്റ്റേറ്റുകളിലെ ലയങ്ങളാണ് കാറ്റത്ത് തകർന്നത്.

വൈദ്യുതി മുടക്കം പതിവായി

വേനൽമഴയെത്തിയതോടെ മലയോരമേഖലയിലെ മിക്ക പഞ്ചായത്തിലും വൈദ്യുതി മുടക്കം പതിവായി മാറി. മഴയത്ത് മണിക്കൂറുകളോളം വൈദ്യുതി നിലയ്ക്കുന്ന അവസ്ഥയാണ്. കാറ്റത്ത് വൈദ്യുതി ലൈനുകൾ പൊട്ടി വീഴുന്നതും പതിവാണ്. വൈദ്യുതി വകുപ്പിനും കനത്ത നഷ്ടമുണ്ട്. തൊഴിലാളികൾ മണിക്കൂറുകളോളം കഷ്ടപ്പെട്ടാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നത്.

മിന്നലേറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചു

വേനൽ മഴക്കൊപ്പം അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലിൽ അനവധി ടി.വി സെറ്റുകളും, കംപ്യൂട്ടറും, ലാപ്പ്ടോപ്പുകളും നശിച്ചു. നിരവധി വീടുകളിലെ വയറിംഗും കത്തി നശിച്ചു. വൈദ്യുതി ലൈനുകളിലും മിന്നലേറ്റ് കേടുപാടുണ്ടായി.

നീർച്ചാലുകൾക്കും നീരുറവകൾക്കും പുതുജീവൻ

വേനൽ മഴയെത്തിയതോടെ വറ്റിവരണ്ടുകിടന്ന നീർച്ചാലുകൾക്കും,നീരുറവകൾക്കും പുതു ജീവൻ ലഭിച്ചു.നദികളിലെയും ഡാമിലേയും ജലനിരപ്പിനും മാറ്റം വന്നു.കിണറുകളിലും ജലനിരപ്പ് ഉയർന്നു.കൃഷിക്കാർക്കും മറ്റും വേനൽ മഴ അനുഗ്രഹമായി മാറിയിട്ടുണ്ട്.