തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരാനിരിക്കെ, ഈ സർക്കാരിനെ ഇളക്കിമറിച്ച വിവാദങ്ങൾ അവസാനിക്കുമോ അതോ സടകുടഞ്ഞ് എഴുന്നേൽക്കുമോ? എന്തായാലും വിധി ഇന്നറിയാം. കഴിഞ്ഞ സർക്കാരിന്റെ കാലത്തുയർന്ന വിവാദങ്ങളെല്ലാം തിരഞ്ഞെടുപ്പിന് ശേഷം കെട്ടടങ്ങിയിരുന്നു.സോളാർ, ബാർ കോഴ കേസ് വിവാദങ്ങൾ ഏതാണ്ട് അസ്തമിച്ച പ്രതീതിയായിരുന്നു കഴിഞ്ഞ അഞ്ച് വർഷക്കാലം. ഈ സർക്കാരിനെ പൊള്ളിച്ച വിവാദങ്ങളും അനവധിയാണ്. സ്പ്രിൻക്ലർ, മന്ത്രി ജലീലിന്റെ രാജിയിലേക്ക് വരെ നയിച്ച ബന്ധുനിയമനക്കേസ്, സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി പ്രതിയായ കേസ്, ആഴക്കടൽ മത്സ്യബന്ധനക്കരാർ എന്നിങ്ങനെ. ഇവയെയെല്ലാം കവച്ചുവച്ച രാഷ്ട്രീയവിവാദം ശബരിമല യുവതീപ്രവേശന വിധിയെ തുടർന്നുണ്ടായ കോലാഹലമായിരുന്നു. ഈ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും പ്രചാരണഗോദയിൽ മുന്നിൽ നിന്നത് ശബരിമലയും ആഴക്കടൽ വിവാദവുമാണ്.
ആഴക്കടൽ വിവാദം
ഇടത് തുടർഭരണമുറപ്പായാൽ വിവാദങ്ങളിൽ ചിലതെല്ലാം വീണ്ടും സജീവമായി തുടർന്നേക്കും. ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം ആന്റി ക്ലൈമാക്സിലേക്ക് നീങ്ങുന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. വോട്ടെടുപ്പ് ദിവസം കുണ്ടറയിലുണ്ടായ കാർ കത്തിക്കൽ വിവാദത്തിൽ ഇ.എം.സി.സി കമ്പനിയുടമ തന്നെ പ്രതിയായതോടെയാണിത്. കുണ്ടറയിലെ തിരഞ്ഞെടുപ്പ് ഫലവും നിർണായകമാണ്. ഫലം മന്ത്രിക്ക് അനുകൂലമായാലും പ്രതികൂലമായാലും ആഴക്കടൽ വിവാദത്തിലെ പുതിയ വഴിത്തിരിവ് വൻ കോളിളക്കമുണ്ടാക്കും. 50ഓളം തീരദേശ മണ്ഡലങ്ങൾ. അതിൽ നാല്പതോളം മണ്ഡലങ്ങളെ വിവാദം സ്വാധീനിച്ചേക്കാമെന്ന കണക്കുകൂട്ടലുണ്ട്. അപ്രതീക്ഷിത തിരിച്ചടിയുണ്ടായാൽ ഇടതിന്, ഈ വിവാദവും വിനയായെന്ന് കരുതേണ്ടി വരും.
ശബരിമല
ശബരിമല യുവതീപ്രവേശന വിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികളിപ്പോൾ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഈ പിടിവള്ളിയിൽ പിടിച്ചാണിപ്പോൾ സുരക്ഷിതരായി മുന്നണികൾ നിൽക്കുന്നത്. യഥാർത്ഥത്തിൽ യുവതീപ്രവേശന വിധിയെ കോടതി തള്ളിപ്പറഞ്ഞിട്ടില്ല. റിവ്യു ഹർജികൾ വിശാലബെഞ്ചിന് വിട്ടത് മാത്രം. അതിനാൽ ഭരണമേതായാലും ശബരിമല വിധിയിലുണ്ടാകുന്ന തുടർചലനങ്ങളിലേക്ക് കേരളം ഉറ്റുനോക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ യു.ഡി.എഫും ബി.ജെ.പിയും ശബരിമല ഇടതുമുന്നണിക്കെതിരെ ആയുധമാക്കി. മദ്ധ്യതിരുവിതാംകൂറിലെ വിധി ഇടതിന് പ്രതികൂലമായാൽ യു.ഡി.എഫ് അത് ശബരിമലപ്രശ്നത്തിലെ തങ്ങളുടെ നിലപാടിനുള്ള അംഗീകാരമായി പറഞ്ഞുകൂടായ്കയില്ല.
സ്വർണക്കടത്ത്
സ്വർണക്കടത്ത്, ലൈഫ് മിഷൻ അനുബന്ധ വിവാദങ്ങളാണ് യു.ഡി.എഫും ബി.ജെ.പിയും ചർച്ചയാക്കിയത്. കേന്ദ്ര ഏജൻസികളെ ബി.ജെ.പി രാഷ്ട്രീയായുധമാക്കി ഇടതുസർക്കാരിനെതിരെ നീങ്ങുന്നുവെന്നാണ് സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ആരോപണം.
തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തും ഇത് പ്രതിപക്ഷം ആയുധമാക്കിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ അതിനാൽ കാര്യമായ ചർച്ചയായില്ല. പക്ഷേ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര ഏജൻസികൾ നീക്കങ്ങൾ വീണ്ടും കനപ്പിച്ചേക്കാനുള്ള സാദ്ധ്യത തള്ളാനാവില്ല.
ബന്ധുനിയമന വിവാദം
മന്ത്രിയായിരുന്ന കെ.ടി. ജലീലിന്റെ രാജിയിലേക്ക് നയിച്ചത് ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി ബന്ധുവിനെ നിയമിച്ച വിവാദമാണ്. ലോകായുക്ത വിധി ജലീലിന് പ്രഹരമായി. ഹൈക്കോടതിയും ജലീലിനെ തള്ളി. തുടർഭരണമുണ്ടായാൽ ജലീലിന്റെ പുതിയ മന്ത്രിസഭയിലേക്കുള്ള പ്രവേശനത്തെ തന്നെ തടസപ്പെടുത്തുന്ന നീക്കമായാണിത് വിലയിരുത്തുന്നത്. മന്ത്രിയാകുന്നതിന് ജലീലിന് തടസമുണ്ടാകില്ല. എന്നാൽ ജലീൽ വീണ്ടും മന്ത്രിസ്ഥാനത്തെത്തിയാൽ പ്രതിപക്ഷം വിവാദം ഊതിപ്പെരുപ്പിച്ചേക്കാം.
സ്പ്രിൻക്ലർ, ബ്രുവറി- ഡിസ്റ്റിലറി വിവാദങ്ങൾ
കൊവിഡ് പ്രതിരോധ കാലത്തെ വ്യക്തിവിവര ശേഖരണത്തിന് അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറിന് കരാർ നൽകാനെടുത്ത തീരുമാനമാണ് വിവാദമായത്. സി.പി.എമ്മിന്റെ അഖിലേന്ത്യാനയത്തിന് പോലും വിരുദ്ധമായി സർക്കാർ തീരുമാനം വ്യാഖ്യാനിക്കപ്പെട്ടു. സി.പി.ഐയും അതൃപ്തി പരസ്യമാക്കി. വിവാദം കനത്തപ്പോൾ പതിയെ സർക്കാർ കരാറിൽ നിന്ന് പിൻവാങ്ങി. ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കാനെടുത്ത തീരുമാനവും പ്രതിപക്ഷ എതിർപ്പിനെ തുടർന്നാണ് പിൻവലിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വിജയമായി അത് വ്യാഖ്യാനിക്കപ്പെട്ടു. കൺസൾട്ടൻസി കമ്പനികളെ വഴിവിട്ട് പ്രോത്സാഹിപ്പിച്ചുവെന്ന പഴിയും സർക്കാരിനെതിരെയുണ്ടായി.
പൊലീസ് നിയമഭേദഗതി
സമൂഹമാദ്ധ്യമങ്ങളെ നിയന്ത്രിക്കാനെന്ന പേരിൽ പൊലീസ് നിയമത്തിൽ വരുത്താൻ ആലോചിച്ച 18എ വകുപ്പ് ഭേദഗതി വൻവിവാദമായി. അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നുവെന്ന ചർച്ച കൊടുമ്പിരിക്കൊണ്ടതോടെ സർക്കാർ പെട്ടെന്ന് പിൻവലിച്ച് തടിയൂരി.
പ്രളയ ഫണ്ട് തട്ടിപ്പ്
പ്രളയ ദുരിതാശ്വാസത്തിനായി ശേഖരിച്ച ഫണ്ടിൽ തിരിമറിയിൽ കൊച്ചിയിലെ സി.പി.എം പ്രവർത്തകരുടെ പേരുകൾ തന്നെ വലിച്ചിഴയ്ക്കപ്പെട്ടതും ഇടതിനെ പ്രതിരോധത്തിലാക്കി.