തിരുവനന്തപുരം: ഇന്ന് വോട്ടെണ്ണൽ നടക്കുമ്പോൾ വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. കഴിഞ്ഞ തവണ ജില്ലയിൽ പത്ത് സീറ്രുകൾ നേടിയ ഇടതുപക്ഷത്തിന് അതെല്ലാം നിലനിറുത്തുന്നതോടൊപ്പം ബി.ജെ.പി നേടിയ നേമവും യു.ഡി.എഫിന്റെ അരുവിക്കരയും പിടിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. കോവളത്തും ഇടതുമുന്നണി പ്രതീക്ഷ കൈവിട്ടിട്ടില്ല. മൂന്ന് സീറ്റെന്നുള്ളത് അഞ്ചെണ്ണമാക്കി ഉയർത്താൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് യു.ഡി.എഫ്. നെടുമങ്ങാട് സി.പി.ഐയിൽ നിന്നും വാമനപുരം, വർക്കല, പാറശാല മണ്ഡലങ്ങൾ സി.പി.എമ്മിൽ നിന്നും നേമം ബി.ജെ.പിയിൽ നിന്ന് പിടിച്ചെടുക്കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. സിറ്രിംഗ് സീറ്രായ കോവളം, തിരുവനന്തപുരം, അരുവിക്കര എന്നിവിടങ്ങളിൽ യു.ഡി.എഫ് വലിയ വെല്ലുവിളി പ്രതീക്ഷിക്കുന്നില്ല. പാറശാലയിൽ സാമുദായിക പരിഗണന വഴി വിജയിക്കാമെന്നാണ് പ്രതീക്ഷ. വർക്കലയിൽ കഴിഞ്ഞ തവണത്തെ നേരിയ ഭൂരിപക്ഷം മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും ഇവർക്കുണ്ട്. നെടുമങ്ങാട്ടും വാമനപുരത്തും കാഴ്ചവച്ച മികച്ച മത്സരം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. നേമത്ത് ത്രികോണ മത്സരമാണെങ്കിലും കെ. മുരളീധരന്റെ കരുത്തിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് യു.ഡി.എഫ്.
ബി.ജെ.പിയുടെ നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പും ശക്തനായ സ്ഥാനാർത്ഥിയെ യു.ഡി.എഫ്
നേമത്തിറക്കിയതും ബി.ജെ.പിയെ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ട്. വോട്ടിംഗിൽ അഡ്ജസ്റ്റ്മെന്റുകൾ നടന്നിട്ടില്ലെങ്കിൽ നേമത്ത് സുഗമമായൊരു ജയമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. അതോടൊപ്പം വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങൾ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയും കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസിലൂടെ മുന്നേറ്രവും ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്.
സീറ്റ് പ്രതീക്ഷ
എൽ.ഡി.എഫ്- 12
യു.ഡി.എഫ്- 8
എൻ.ഡി.എ -4