may-day

തിരുവനന്തപുരം:പതിവിനുവിപരീതമായി വർണാഭമായ റാലികളോ സമ്മേളനങ്ങളോ ഇല്ലാതെ പതാക ഉയർത്തലിൽ മാത്രമൊതുങ്ങി മേയ് ദിനാഘോഷം. കൊവിഡ് സാഹചര്യത്തിൽ ആൾക്കൂട്ടം പരമാവധി ഒഴിവാക്കുന്നതിനായാണ് തൊഴിലാളി സംഘടനകൾ ദിനാചരണം പതാക ഉയർത്തലിൽ മാത്രമൊതുക്കിയത്. ജില്ലയിലെ ചെറുതും വലുതുമായ തൊഴിലാളി സംഘടനകൾ അതത് മേഖലകളിൽ പതാക ഉയർത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ദിനാഘോഷം.

തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി എ.കെ.ജി സെന്ററിന് മുന്നിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി.സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ചടങ്ങിൽ പങ്കെടുത്തു. തൊഴിലിടങ്ങളിലും പ്രധാന കവലകളിലും പതാക ഉയർത്തിയായിരുന്നു ഐ.എൻ.ടി.യു.സിയുടെ മേയ്ദിനാഘോഷം. പതാക ഉയർത്തിയ സ്ഥലങ്ങളിൽ പ്രവർത്തകർ കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'കൊവിഡ് പ്രതിരോധ ഐക്യദാർഢ്യ പ്രതിജ്ഞ'യെടുത്തു. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വാക്സിൻ സ്വീകരിക്കാനെത്തുന്നവർക്ക് രണ്ട് മാസ്കുകൾ വീതം ഐ.എൻ.ടി.യു.സി വിതരണവും ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ നേതൃത്വം നൽകി.

പി.കെ.വി സ്മാരകത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പതാക ഉയർത്തി. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം ജി.ആർ അനിൽ, ജില്ലാ അസി.സെക്രട്ടറി പള്ളിച്ചൽ വിജയൻ, എസ്.മുരളി പ്രതാപ്, പി.വേണുഗോപാൽ, മോഹനചന്ദ്രൻ, കൗൺസിലർ ഹരി, ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

ഓൾ കേരളാ ടെയിലേയ്സ് അസോസിയേഷന്റെ മാഞ്ഞാലിക്കുളത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന വൈസ് പ്രസിഡന്റും, ജില്ലാ സെക്രട്ടറിയുമായ എസ്. സതികുമാർ പതാക ഉയർത്തി. ജില്ലാ ട്രഷറർ കെ.പി രവീന്ദ്രൻ, വഞ്ചിയൂർ ഏരിയാ സെക്രട്ടറി ലേഖാ റാണി, തമ്പാനൂർ ഏരിയാ സെക്രട്ടറി വി.സതീഷ് കുമാർ,തുടങ്ങിയവർ പങ്കെടുത്തു.

ഓൾ കേരളാ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ജഗതിയിൽ മേയ് ദിനാചരണം നടത്തി. സംസ്ഥാനകമ്മിറ്റി അംഗം ടി.എസ്.ബിനുകുമാർ പതാക ഉയർത്തി.