കോവളം: കൊവിഡ് പ്രതിസന്ധിയിലായ ടൂറിസം മേഖലയെ അവഗണിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ടൂറിസം മേഖല സംരക്ഷണ സമിതി മേയ് ദിനമായ ഇന്നലെ കരിദിനം ആചരിച്ചു. ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന 20 ലക്ഷത്തോളം പേരുടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർ കരിദിനം ആചരിച്ചത്. കരിദിനത്തിന്റെ ഭാഗമായി സമൂഹ്യ മാദ്ധ്യമങ്ങളിൽ കറുത്ത മാസ്‌കുകൾ ധരിച്ചാണ് ജീവനക്കാരും തൊഴിലാളികളും പ്രതിഷേധിച്ചത്. കൊവിഡ് കാലം കഴിഞ്ഞ് സഞ്ചാരികൾ എത്തിത്തുടങ്ങിയാലും നിലവാരമുള്ള സേവനം ലഭ്യമാക്കാൻ കേരളത്തിന് കഴിയാതെ വരുമെന്നും ഇത് രാജ്യാന്തര രംഗത്ത് കേരളത്തിന്റെ ടൂറിസം പ്രതിച്ഛായയെ ഗുരുതരമായി ബാധിക്കാനിടയുണ്ടെന്നും ടൂറിസം മേഖല തകർന്നാൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുമെന്നും ബേബി മാത്യു സോമതീരം പറഞ്ഞു.