തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ മേയർ ആര്യാ രാജേന്ദ്രൻ വിളിച്ചുചേർത്ത സർവകക്ഷിയോഗം ബി.ജെ.പിയും യു.ഡി.എഫും ബഹിഷ്‌കരിച്ചു. ഇതുവരെയുള്ള കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ പരാജയമാണെന്നും കൗൺസിലർമാർക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. ആംബുലൻസുകളോ ഭക്ഷണമോ നൽകാൻ കോർപ്പറേഷന് സാധിക്കുന്നില്ലെന്നും എന്ത് ചോദിച്ചാലും സെക്രട്ടറി കൈമലർത്തുകയാണെന്നും ബി.ജെ.പി ആരോപിച്ചു.

കുറഞ്ഞ വിലയ്ക്ക് പാവപ്പെട്ടവർക്ക് മരുന്നുകൾ നൽകിയിരുന്ന എസ്.എ.ടിയിലെ ഇൻ ഹൗസ് ഡ്രഗ് ഹൗസ് ഓഫീസ് മേയറും മെഡിക്കൽ കോളേജ് കൗൺസിലറും ചേർന്ന് ഏക പക്ഷീയമായി അടച്ചുപൂട്ടിച്ചതിൽ പ്രതിഷേധിച്ചുമാണ് യു.ഡി.എഫ് യോഗത്തിൽ നിന്നു വിട്ടുനിന്നതെന്ന് യു.ഡി.എഫ് നേതാവ് പി. പദ്മകുമാർ പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട് മേയർ രാഷ്ട്രീയം കളിക്കുകയാണെന്നും കൗൺസിലർമാരുമായി ചർച്ച ചെയ്‌ത് ആവശ്യങ്ങൾ പരിഹരിക്കുന്നതിന് പകരം ഇടതുനേതാക്കളുമായുള്ള ചർച്ചകളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടക്കുന്നതെന്നും യു.ഡി.എഫ് നേതാവ് ജോൺസൺ ജോസഫ് ആരോപിച്ചു