തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ ഇൻ ഹൗസ് ഡ്രഗ് ബാങ്ക് പൂട്ടിയ സംഭവത്തിൽ വിശദീകരണവുമായി മേയർ ആര്യാ രാജേന്ദ്രൻ. ഡ്രഗ് ബാങ്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന ഡോർമെറ്ററി കെട്ടിടം കിടക്കകൾ സഹിതം ഒരുക്കി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യവകുപ്പിന് കൈമാറുമെന്ന് മേയർ അറിയിച്ചു.
കെട്ടിടം നവീകരണത്തിനായി കോർപ്പറേഷന് കൈമാറിയ കെട്ടിടം ഇതുവരെ ആരോഗ്യവകുപ്പിന് നൽകിയിട്ടില്ല. അറ്റകുറ്റപ്പണി നടത്തിയതിന്റെ പണം നൽകാനുണ്ട്. ഇങ്ങനൊരു സ്ഥിതിയിൽ മറ്റൊരു സ്ഥാപനം അവിടെ പ്രവർത്തിക്കുന്നതിന്റെ ഉത്തരവാദിത്വം കോർപ്പറേഷനാണ്. ഡ്രഗ് ഹൗസിലെ ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് അതിക്രമിച്ച് കടന്നതിന് പിന്നിലെന്നും മേയർ ആരോപിച്ചു.
കെട്ടിടം പൂട്ടിയെങ്കിലും ഡ്രഗ് ഹൗസിന്റെ പ്രവർത്തനം തടസപ്പെട്ടിട്ടില്ലെന്നും പൂട്ടിയെടുക്കുമ്പോൾ ഇവിടെ മരുന്നുകൾ ഉണ്ടായിരുന്നില്ലെന്നും മേയർ പറഞ്ഞു. ഡ്രഗ് ഹൗസിൽ അന്ന് ആളുകൾ മരുന്ന് വാങ്ങിയതിന്റെ കണക്ക് തന്റെ പക്കലുണ്ട്. ഇത് പരിശോധിച്ചാൽ യാതൊരുവിധ തടസവും കൂടാതെ മരുന്ന് വിതരണം നടന്നെന്ന് മനസിലാക്കാം. ഇതിന് മുമ്പ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ പൂട്ടണമെന്ന ആവശ്യമുന്നയിച്ച് ഇവരെ സമീപിച്ചിട്ടില്ല. ഈ വിഷയത്തിൽ മേയർക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിലുടെ അപകീർത്തിപരമായ പ്രചാരണം നടത്തുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും മേയർ അറിയിച്ചു.