covid

തിരുവനന്തപുരം: വാക്സിനേഷൻ സെൻററുകൾ രോഗം പകർത്താനുള്ള കേന്ദ്രങ്ങളായി മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. രണ്ടാമത്തെ ഡോസ് എടുക്കേണ്ടവരുടെ ലിസ്റ്റ് വാക്സിൻ കേന്ദ്രങ്ങളിലെ മാനേജർമാർ പ്രസിദ്ധീകരിക്കുകയും സമയം വിളിച്ചറിയിക്കുകയും ചെയ്യും. അപ്പോൾ മാത്രമേ വാക്സിൻ കേന്ദ്രങ്ങളിൽ പോകാവൂ. രണ്ടാമത്തെ ഡോസ് കിട്ടില്ലെന്ന പരിഭ്രാന്തി വേണ്ട. എല്ലാവർക്കും വാക്സിൻ ലഭ്യമാക്കും. 18മുതലുള്ളവരു‌ടെ വാക്സിനേഷൻ കുറച്ചു ദിവസം വൈകും.

ഇന്ത്യയിൽ 18മുതലുള്ള 93 കോടിയിലധികം പേർക്ക് വാക്സിൻ നൽകണം. 45ന് മുകളിലുള്ളവർ 30 കോടിയുമാണ്.പതിനെട്ട് മുതലുള്ളവർക്കുള്ള വാക്സിൻ കേന്ദ്രമാണ് തരേണ്ടത്. വാക്സിൻ തരാത്തതിൽ എന്തോ വിഷമതകൾ നിലനിൽക്കുന്നു. വാക്സിൻ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അത് സമാഹരിച്ച് നൽകാനുള്ള നടപടിയാണ് വേണ്ടത്. സുപ്രീം കോടതി നിർദ്ദേശിച്ചതും അതാണ്. കേന്ദ്രം ആ രീതിയിലേക്ക് നീങ്ങുമെന്നും പ്രതിസന്ധി പരിഹിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. റഷ്യയുടെ സ്‌ഫുട്‌നിക് വാക്സിൻ വാങ്ങുന്നത് ആലോചിച്ചിരുന്നു. ഒട്ടേറെ കടമ്പകൾ ഉണ്ട്. അതിൻെറ സാദ്ധ്യത പരിശോധിക്കുന്നുണ്ട്. വാക്സിന് പുറകെ സർക്കാരുണ്ട്.

എെ.സി.യു കൂട്ടും

കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. ഇനിയും വർദ്ധിക്കും. അതസരിച്ചുള്ള കരുതൽ സർക്കാർ സ്വീകരിക്കുന്നുണ്ട്. രോഗികളുടെ എണ്ണത്തിനനുസരിച്ച് എെ.സി.യു, വെൻറിലേറ്റർ, ഓക്സിജൻ എന്നിവയുടെ എണ്ണവും കൂട്ടണം. അതിനുള്ള ഒരുക്കങ്ങളാണ് സർക്കാർ സ്വീകരിക്കുന്നത്.

കൊവിഡ് പാേസിറ്റീവായാൽ മറ്റുള്ളവരുമായി ഇടപെടുന്നത് കുറ്റകരമാണ്. അത്തരം ഇടപെടലുകൾക്ക് പരിശോധനകളുണ്ടാവും. മഹാമാരിയെ നേരിടാനുളള എല്ലാ സജ്ജീകരണങ്ങളും ഉണ്ടാവും. ലാബുകളെ ഒരു വ്യക്തിയുടെയോ, സംഘത്തിൻെറയോ ഇഷ്ടം പോലെ പ്രവർത്തിക്കാനും തീരുമാനമെടുക്കാനും അനുവദിക്കില്ല. സർക്കാരുമായി സഹകരിച്ചില്ലെങ്കിൽ അവയയെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

താമസിക്കാൻ സൗകര്യം

നിർമ്മാണ ജോലിക്കാർക്ക് ജോലി സ്ഥലത്ത് താമസ സൗകര്യം നൽകണം. നിർമ്മാണ മേഖലയ്ക്ക് മറ്റ് തടസമുണ്ടാക്കേണ്ട എന്നാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.