തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് മദ്യ വില്പന നിറുത്തിയതോടെ തമിഴ്നാടിന്റെ അതിർത്തി വഴി വ്യാപകമായി വിദേശമദ്യം കടത്തുന്നെന്ന് കേരള മദ്യനിരോധന സമിതി ആരോപിച്ചു. രാത്രിയുടെ മറവിൽ കടൽമാർഗമാണ് കൂടുതലും മദ്യക്കടത്ത് നടക്കുന്നത്. ഇത്തരത്തിലെത്തുന്ന മദ്യം ചെറുവാഹനങ്ങളിലൂടെ ഓരോ പ്രദേശത്തുമെത്തിക്കും. കൂടാതെ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഇടവഴികളിലൂടെ മദ്യം വാങ്ങാൻ പോകുന്നുമുണ്ട്. അനധികൃതമായ മദ്യക്കടത്ത് നിയന്ത്രിക്കാൻ കടലിലും അതിർത്തിയിലും പരിശോധന കർശനമാക്കണമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനനും ജില്ലാ പ്രസിഡന്റ് പി. സ്റ്റെല്ലസും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.