തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് നഗരത്തിലേക്ക് കാറിൽ കടത്തിയ 58 കുപ്പി വിദേശമദ്യം പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് വാഹന പരിശോധനയ്ക്കിടെ കുണ്ടമൺകടവ് പാലത്തിന് സമീപത്തുനിന്ന് പൂജപ്പുര പൊലീസാണ് മദ്യം പിടികൂടിയത്. കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ ശരവണൻ (27), കാർത്തിക് (29) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് 350 മില്ലി ലിറ്ററിന്റെ 58 കുപ്പി മദ്യം കണ്ടെത്തിയത്. കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മദ്യവിൽപന നിറുത്തിയതിനെ തുടർന്നാണ് ഇരുവരും തമിഴ്നാട്ടിൽ നിന്ന് മദ്യം കൊണ്ടുവന്നത്. തമിഴ്നാട് സ്വദേശികളാണെങ്കിലും വർഷങ്ങളായി വലിയതുറയിലാണ് ബന്ധുക്കൾ കൂടിയായ പ്രതികൾ താമസിക്കുന്നത്. ഇരുവരേയും പൊലീസ് റിമാൻഡ് ചെയ്തു.