തിരുവനന്തപുരം: ഏതെങ്കിലും വാഹന അപകടത്തിൽ താൻ കൊല്ലപ്പെട്ടാൽ അതിന് ഉത്തരവാദികൾ കിള്ളിയാറിനെ മലിനമാക്കിയവരും അനധികൃത നിർമ്മാണം വഴി നദി കൈയേറിയവരും ആയിരിക്കുമെന്ന് നെടുങ്കാട് വാർഡ് കൗൺസിലർ കരമന അജിത് പറഞ്ഞു. മൂന്നു കിലോമീറ്രറോളം കിള്ളിയാർ ഒഴുകുന്ന വാർഡിന്റെ കൗൺസിലറായ തനിക്ക് കൈയേറ്ര മാഫിയയെ എതിർത്തതിന് ജീവന് ഭീഷണി ഉണ്ടെന്നാണ് കൗൺസിലർ ആരോപിക്കുന്നത്. കൈയേറ്റത്തിനെതിരെ അധികൃതർക്ക് പരാതി നൽകിയിട്ട് നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. മേജർ ഇറിഗേഷൻ ചീഫ് എൻജിനിയർ, മേയറുടെ സെക്രട്ടറി എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. പലയിടത്തും കിള്ളിയാർ കൈയേറി അനധികൃതമായി കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. ഗ്ലാസ് കടയിൽ നിന്നുള്ള ഗ്ലാസ് മാലിന്യങ്ങൾ ഉൾപ്പെടെ നദിയിലേക്കൊഴുക്കുന്നുണ്ട്. പലയിടത്തും നദിയുടെ ഒഴുക്ക് തടയാനും ഇതിടയാക്കുന്നു. പരാതിയുമായി ബന്ധപ്പെട്ട് മൂന്നു തവണ യോഗം നടത്തിയെന്ന് ഏപ്രിൽ 28ന് മേയർ പറഞ്ഞത് ശരിയല്ലെന്നും തന്നെയാരും ഇങ്ങനെയൊരു യോഗം അറിയിച്ചില്ലെന്നും കരമന അജിത് പറഞ്ഞു. നടപടിയുണ്ടാകുന്നതുവരെ കൈയേറ്റത്തിനെതിരെ തന്റെ പോരാട്ടം തുടരുമെന്നും കരമന അജിത് പറഞ്ഞു.