പാറശാല: കൊവിഡ് രോഗികൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ രോഗവ്യാപനം തടുക്കാനുള്ള മുൻകരുതലുകളുമായി കാരോട് പഞ്ചായത്ത്. രണ്ടുപേർ കൊവിഡ് ബാധിച്ച് മരിക്കുകയും പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാവുകയും ചെയ്തതോടെ ജില്ലാ ഭരണകൂടം നിരോധനാഞ്ജ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഫലമായി കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. രോഗനിർണയത്തിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് നൽകുന്ന ആന്റിജൻ കിറ്റുകൾ തികയാത്തതിനാൽ പഞ്ചായത്തിലുള്ളവർ സംഭാവന ചെയ്യുന്ന കിറ്റുകൾ ഉപയോഗിച്ചാണ് പരിശോധന തുടരുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി വീടുകളിൽ പ്രത്യേകമായി പാർപ്പിക്കുന്നതിനും കൊവിഡ് രോഗികളെയും മറ്റ് രോഗമുള്ളവരെയും ആശുപത്രികളിലെത്തിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വീട് സന്ദർശിച്ച് ബോധവത്കരണം നടത്തുന്നതിനുള്ള വോളന്റിയർമാരെയും നിയമിച്ചിട്ടുണ്ട്. ഇവർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ഓഫീസുകൾ,​ മാർക്കറ്റുകൾ,​ പൊതുജന പ്രാധാന്യമുള്ള സ്ഥലങ്ങൾ,​ കൊവിഡ് ബാധിതരായവരുടെ വീടും പരിസരവും കൂടാതെ പ്രദേശത്തെ ഓടകളും വൃത്തിക്കാകി ക്ലോറിനേഷൻ നടത്തുന്നുണ്ട്. പഞ്ചായത്തിന്റെ ആരോഗ്യ പ്രവർത്തനങ്ങൾ വിയിരുത്തുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനുമായി കാരോട്, കുളത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർ, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.