പോത്തൻകോട്: മനോനില തെറ്റിയ കൊവിഡ് രോഗി സുരക്ഷാ മാനദണ്ഡങ്ങളോ മുൻകരുതലുകളോ സ്വീകരിക്കാതെ പോത്തൻകോട് പഞ്ചായത്തിലെ മഞ്ഞമല, വേങ്ങോട് ഭാഗങ്ങളിൽ രാവിലെ മുതൽ ഇടപഴകി യഥേഷ്ടം സഞ്ചരിച്ചത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി. ബന്ധുക്കളും നാട്ടുകാരും ഇയാളെ അനുനയിപ്പിച്ച് വീട്ടിലേക്ക് മടക്കി അയയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതിനിടെ ഇയാൾ അതുവഴിവന്ന ബെെക്ക് കൈകാട്ടി നിറുത്തി അതിൽക്കയറി മംഗലപുരം ജംഗ്ഷനിലും എത്തി. തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും വിവരം അറിയിച്ചു. ആംബുലൻസുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇയാളെ ബലമായി ആംബുലൻസിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ അക്രമാസക്തനാവുകയായിരുന്നു. തുടർന്ന് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇയാളുടെ ഭാര്യയെ സ്ഥലത്തെത്തിച്ച് അനുനയിപ്പിച്ചാണ് ആംബുലൻസിൽ കയറ്റിയത്. തുടർന്ന് ഇയാളെ പേരൂർക്കട മാനസികരോഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.