photo

വിതുര: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ വനിതാ പഞ്ചായത്ത്‌ അംഗങ്ങളും. വിതുര പഞ്ചായത്തിൽ നിന്നും വിജയിച്ച പത്ത് വനിതാ മെമ്പർമാരാണ് വീടുകളിൽ ചികിത്സയിൽ കഴിയുന്നവരെ സഹായിക്കാൻ രംഗത്തിറങ്ങിയത്.

250ൽ പരം പേരാണ് കൊവിഡ് പിടികൂടിയതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ഒരാഴ്ചക്കിടയിൽ ആറ് പേർ മരിച്ചു. രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്തിലെ മുഴുവൻ വാർഡുകളെയും കണ്ടെയ്‌ൻമെന്റ് സോണുകളായി കളക്ടർ പ്രഖ്യാപിച്ചു. ഇതോടെ വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികൾ ഭക്ഷണത്തിനും മരുന്നിനും മറ്റും ബുദ്ധിമുട്ടി. വിവരമറിഞ്ഞ പത്തു വനിതാ മെമ്പർമാരും കൊവിഡ് രോഗികൾക്ക് സഹായമെത്തിക്കുന്നതിനായി രാഷ്ട്രീയം മറന്ന് കൈകോർത്തു. തുടർന്ന് അടിയന്തരമായി യോഗം ചേർന്ന് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ തീരുമാനം എടുത്തു. ഇതിലേക്കായി വിതുര മുതൽ കല്ലാർ വരെയുള്ള 16 വാർഡുകളിൽ നിന്നും ഭക്ഷ്യവസ്തുക്കളും, പച്ചക്കറികളും മറ്റും ഒറ്റ ദിവസം കൊണ്ട് ശേഖരിച്ചു. പഞ്ചായത്ത്‌ ഹാളിൽ വച്ച് കിറ്റുകളിൽ നിറച്ചു. ആദ്യദിവസം നൂറു കിറ്റുകൾ കൊവിഡ് രോഗികളുടെ വീടുകളിൽ എത്തിച്ചു. ഇവർക്ക് ബോധവത്കരണവും നൽകി. എന്ത് ആവശ്യമുണ്ടെങ്കിലും ഫോൺ വിളിച്ചാലുടൻ മെമ്പർമാർ വീടുകളിൽ സഹായവുമായി എത്തുന്നുണ്ട്. ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാൻ വിതുരയിലെ യുവജനസംഘടനകളും വനിതാ മെമ്പർമാരെ സഹായിച്ചു. വിതുര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മഞ്ജുഷ ആനന്ദ്, നീതുരാജീവ്, സന്ധ്യജയൻ, കെ. തങ്കമണി, ആർ. വത്സല, ഐ.എസ്. സുനിത, എസ്. ലൗലി, എസ്. ലതകുമാരി, എ. സിന്ധു, ഷാജിദഅർഷാദ്, എന്നീ പഞ്ചായത്ത്‌ അംഗങ്ങളാണ് കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരെ സഹായിക്കാൻ കളത്തിൽ ഇറങ്ങിയത്. ഇതിന് പുറമേ വാർഡ്‌ തല ജാഗ്രതസമിതികൾ രൂപീകരിച്ചു കൊവിഡ് പ്രതിരോധപ്രവർത്തനങൾ നടത്തുന്നുണ്ട്.