തിരുവനന്തപുരം: പൂവ് മോഹിച്ചവന് പൂന്തോട്ടം കിട്ടിയ അവസ്ഥയിലാണ് തലസ്ഥാന ജില്ലയിൽ എൽ.ഡി.എഫ്. കെട്ടിപ്പൊക്കിയ മനക്കോട്ട അമ്പാടെ തകർന്നതിന്റെ നിരാശ യു.ഡി.എഫ് ക്യാമ്പിനെ നോവിക്കുമ്പോൾ, തുറന്നുകിട്ടിയ വാതിൽ കൊട്ടിയടച്ച ഞെട്ടൽ ബി.ജെ.പിയെ അലട്ടുന്നു. നാല് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞത് മാത്രമാണ് അവരുടെ ആശ്വാസം. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ ഒമ്പതു സീറ്റുകൾ പരിക്കില്ലാതെ നിലനിറുത്തുക എന്നതായിരുന്നു തുടക്കം മുതൽ എൽ.ഡി.എഫ് നേതൃത്വത്തിന്റെ പദ്ധതി. എന്നാൽ ഒമ്പതിൽ നിന്ന് 13 സീറ്റുകളിലേക്കുള്ള കുതിപ്പ് ഇടതു നേതൃത്വവും പ്രതീക്ഷിച്ചതല്ല. കഴിഞ്ഞ തവണ ലഭിച്ച നാല് സീറ്റുകൾ ആറോ,ഏഴോ ആയി ഉയർത്താമെന്നതായിരുന്നു യു.ഡി.എഫ് കണക്കുകൂട്ടൽ. പക്ഷേ, കൈയിലുണ്ടായിരുന്ന മൂന്ന് സീറ്റുകൾ നഷ്ടപ്പെട്ട് കോവളത്തെ ഏക വിജയത്തിൽ ആശ്വസിക്കാനാണ് അവരുടെ വിധി. കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന നേമം മണ്ഡലം നിലനിറുത്തുന്നതിനൊപ്പം കുറഞ്ഞത് മൂന്ന് സീറ്റുകളിൽ കനത്ത പോരാട്ടം നടത്താമെന്ന് ബി.ജെ.പി കണക്കുകൂട്ടി. നിരാശയായിരുന്നു ഫലം. തിരുവനന്തപുരം,അരുവിക്കര,വട്ടിയൂർക്കാവ് (ഉപതിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടിരുന്നു) മണ്ഡലങ്ങളാണ് യു.ഡി.എഫിന് നഷ്ടപ്പെട്ടത്.എൽ.ഡി.എഫിന് ഈ മണ്ഡലങ്ങളും പുറമെ നേമവുമാണ് അധികമായി ലഭിച്ചത്. തലസ്ഥാന ജില്ലയിൽ ഒറ്റ സീറ്റിലേക്ക് യു.ഡി.എഫ് ഒതുങ്ങുന്നതും ഇതാദ്യം.

ഇടതു മുന്നണി ജയിച്ച എല്ലാ മണ്ഡലങ്ങളിലും കഴിഞ്ഞതവണ ലഭിച്ചതിനെക്കാൾ വലിയ ഭൂരിപക്ഷമാണ് കിട്ടിയത്. യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്ത മണ്ഡലങ്ങളിലും ആധികാരികമായ വിജയം നേടാൻ ഇടതുപക്ഷത്തിനായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ട് മുന്നണികളും തമ്മിലുള്ള ആകെ വോട്ടുകളുടെ വ്യത്യാസം 92,310 ആയിരുന്നെങ്കിൽ ഇക്കുറി അത് വലിയ രീതിയിൽ മാറുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ നൽകുന്ന സൂചന.കോവളത്താണ് ഇത്തവണത്തെ കുറഞ്ഞ ഭൂരിപക്ഷം.കൂടുതൽ ആറ്രിങ്ങലിലും.

പ്രസ്റ്റീജ് മത്സരങ്ങൾ നടക്കുമെന്ന് രാഷ്ട്രീയവൃത്തങ്ങൾ കണക്കാക്കിയിരുന്ന നേമം,കഴക്കൂട്ടം,വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നല്ല അട്ടിമറികളാണ് നടന്നത്.സംശുദ്ധിയുടെ മുഖം എന്ന വിശേഷണത്തോടെ ബി.ജെ.പി നേമം നിലനിറുത്താൻ ഇറക്കിയ കുമ്മനം രാജശേഖരന് കാലിടറിയതാണ് വലിയ ഞെട്ടലായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാലിനോട് തോൽവി പിണഞ്ഞ വി.ശിവൻകുട്ടി ഇക്കുറി ജയിച്ചപ്പോൾ അതൊരു മധുരപ്രതികാരമായി. ഏതു വെല്ലുവിളിയും ഏറ്റെടുക്കുന്ന കെ.മുളീധരനെ താരപരിവേഷത്തോടെ ഇറക്കിയപ്പോൾ,വിജയത്തിൽ കുറഞ്ഞൊന്നും യു.ഡി.എഫ് പ്രതീക്ഷിച്ചില്ല. പക്ഷേ, ശിവൻകുട്ടിയുടെ വിജയം എളുപ്പമാക്കാനേ ഈ സാന്നിദ്ധ്യം സഹായിച്ചുള്ളൂ.

ശിവകുമാറിന്റെ തോൽവി

2011-ലെ തിരഞ്ഞെടുപ്പിൽ 5352 വോട്ടുകളുടെ വ്യത്യാസത്തിൽ വി.സുരേന്ദ്രൻപിള്ളയെ തോല്പിച്ചാണ് വി.എസ്.ശിവകുമാർ നിയമസഭയിലെത്തിയത്. കഴിഞ്ഞതവണ ആന്റണിരാജുവിനെ 10,905 വോട്ടുകൾക്ക് പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി. ഇക്കുറി ശിവകുമാർ തോൽവി നുണഞ്ഞപ്പോൾ ആന്റണിരാജുവിന് പകവീട്ടലിന്റെ സുഖം.

തിളങ്ങി കടകംപള്ളി

കഴിഞ്ഞ തവണ 7347 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി നേതാവ് വി.മുരളീധരനെ പിന്തള്ളി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിലെത്തിയത്.ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അദ്ദേഹം നടത്തിയ കുറ്റസമ്മതവും ശോഭാസുരേന്ദ്രന്റെ സാന്നിദ്ധ്യവുമൊക്കെ ചേർന്ന് ഇക്കുറി കഴക്കൂട്ടത്തെ മത്സരത്തിന് വലിയ പ്രാധാന്യമാണ് കിട്ടിയത്. ഒടുവിൽ ലഭിച്ച കണക്ക് പ്രകാരം 19,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചപ്പോൾ, ശോഭാസുരേന്ദ്രന് രണ്ടാം സ്ഥാനം മാത്രം.

ആറ്രിങ്ങൽ മികവ് നിലനിറുത്തി

2016-ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബി.സത്യനായിരുന്നു ജില്ലയിലെ വലിയ ഭൂരിപക്ഷം.30,065. ഇക്കുറിയും സ്ഥിതി മാറിയില്ല. ഇടത് സ്ഥാനാർത്ഥി ഒ.എസ്.അംബിക അല്പം കൂടി നില മെച്ചപ്പെടുത്തി 31,000 ത്തിലധികമാക്കി.

വട്ടിയൂർക്കാവിനെ കീഴടക്കി പ്രശാന്ത്

കെ.മുരളീധരൻ ലോക് സഭയിലേക്ക് മത്സരിച്ച് ജയിച്ചതോടെ 2019 ലെ ഉപതിരഞ്ഞെടുപ്പിൽ 14,000ത്തിലധികം വോട്ടുകൾക്ക് ജയിച്ച വി.കെ.പ്രശാന്ത് ഇത്തവണ ഭൂരിപക്ഷം 21,000ത്തിലധികമാക്കി ഉയർത്തി.