തിരുവനന്തപുരം: എൽ.ഡി.എഫ് അട്ടിമറി വിജയം നേടിയ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും അവസാനനിമിഷം വരെ ആകാംക്ഷ.നേമം, അരുവിക്കര, തിരുവനന്തപുരം മണ്ഡലങ്ങളാണ് ഫോട്ടോ ഫിനിഷിലൂടെ എൽ.ഡി.എഫിനൊപ്പം നിന്നത്. നേമത്ത് രാവിലെ തപാൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ 13 വോട്ടിന്റെ ലീഡുണ്ടായിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി ഇലക്ട്രോണിക് വോട്ടിംഗ് മെഷിനീലെ വോട്ട് എണ്ണിയപ്പോൾ പിന്നിലേക്ക് പോയി. എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജേശേഖരൻ ആദ്യം 200 വോട്ടിന് മുന്നിലെത്തി. ലീഡ് നിലനിറുത്തിയ കുമ്മനത്തിന് 10ാം റൗണ്ടിൽ ഭൂരിപക്ഷം 417 ആയി, പിന്നീടത് 1047 ആയി ഉയർന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ അപ്പോഴും മൂന്നാം സ്ഥാനത്തായിരുന്നു. ഉച്ചയ്ക്കുശേഷം അവസാനത്തെ രണ്ട് റൗണ്ടിലാണ് നേമത്ത് കാര്യങ്ങൾ മാറിമറിഞ്ഞത്. ശിവൻകുട്ടിയുടെ ലീഡ് 300, 600,750,900 എന്നിങ്ങനെയായി ഉയർന്നു. ലീഡ് തുടർന്ന ശിവൻകുട്ടി 3949 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

കോൺഗ്രസിന്റെ സിറ്രിംഗ് സീറ്റായി അരുവിക്കരയിൽ തുടക്കം മുതൽ കെ. ശബരീനാഥന് നല്ല ലീഡ് ലഭിച്ചു. തപാൽ വോട്ടിൽ ആദ്യം 5 വോട്ടിന്റെ ലീഡിൽ തുടങ്ങിയ ശബരീനാഥന് 300 വോട്ട് ലീഡ് വരെ എത്തി. ഇതിനുശേഷം ജി. സ്റ്റീഫൻ 15 വോട്ടിന് മുന്നിലെത്തി. കുറച്ചുസമയത്തിനുള്ളിൽ 100 വോട്ടിന്റെ ലീഡ് നേടി ശബരീനാഥൻ മുന്നിൽ, ലീഡ് 1152 എത്തിയെങ്കിലും ഒറ്റയടിക്ക് 100ന് താഴെയായി ലീഡ് കുറഞ്ഞു. ഉച്ചകഴിഞ്ഞ് മുന്നിലെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി. സ്റ്റീഫൻ 512,730 ,900, 2000 മറികടന്ന് 5046 വോട്ടുകൾക്ക് അട്ടിമറി വിജയം നേടി.

തിരുവനന്തപുരം മണ്ഡലത്തിൽ തപാൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാറിന്റെ ലീഡ് ഉയരുന്നതിൽ യു.ഡി.എഫ് ക്യാമ്പ് സന്തോഷിച്ചു. 10 വോട്ടിന്റെ ലീഡിലായിരുന്നു ശിവകുമാറിന് ആദ്യം ലഭിച്ചത്. പിന്നെ അത് 626 വരെ എത്തി. ഏറെ നേരം ലീഡ് നിലനിറുത്തിയെങ്കിലും പെട്ടെന്ന് ലീഡ് നില അടിമുടി താഴ്ന്നു. അവസാന റൗണ്ടുകളിൽ തിരിച്ചെത്തിയ ആന്റണി രാജുവിന് 316 എന്ന നിലയിൽ ലീഡ് ഉയർന്നു. ലീഡ് നില ഉയർത്തിയ ആന്റണി രാജു ഒടുവിൽ 7929 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.