f

കേരളകൗമുദി പറഞ്ഞത് ശരിയായി

തിരുവനന്തപുരം : നെടുമങ്ങാട് മണ്ഡലത്തിൽ പരാജയപ്പെടുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പാർട്ടിയിലെ ഒരു വിഭാഗവും കരുതിയ സി.പി.ഐ സ്ഥാനാർത്ഥി ജി.ആർ. അനിൽ ജയിച്ചുകയറിയത് ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ. നെടുമങ്ങാട് മണ്ഡലത്തിൽ ഇക്കുറി വിജയസാദ്ധ്യത കുറവാണെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റിയും തോൽക്കുമെന്ന് മാദ്ധ്യമങ്ങളും വിലയിരുത്തിയപ്പോൾ 12,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജി.ആർ. അനിൽ വിജയിക്കുമെന്ന് എൽ.ഡി.എഫ് മണ്ഡലം നേതൃത്വത്തിന്റെ വിലയിരുത്തൽ ഉദ്ധരിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഫലം പുറത്തുവന്നപ്പോൾ കേരളകൗമുദി പറഞ്ഞത് ശരിയായി, 23171 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിൽ ജി.ആർ. അനിൽ വിജയിച്ചു.

കഴിഞ്ഞ തവണ സി. ദിവാകരൻ വിജയിച്ച സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും കഴിഞ്ഞ തവണ ബി.ജെ.പി നേടിയ 35,159 വോട്ട് ഇത്തവണ ബി.ജെ.പി പിടിക്കില്ലെന്നുമുള്ള കണക്കുകൂട്ടലാണ് ജി.ആർ.അനിൽ തോൽക്കുമെന്ന് വിലയിരുത്തിയതിന് പിന്നിൽ. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ അടക്കം അടിസ്ഥാന വോട്ടുകൾ നേടി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും അനിൽ ലീഡ് ചെയ്യുമെന്നായിരുന്നു പോളിംഗിന് ശേഷം എൽ.ഡി.എഫ് നേതൃത്വം കണക്കുകൂട്ടിയത്. 64,407 വോട്ടുകളായിരുന്നു എൽ.ഡി.എഫ് പ്രതീക്ഷ . ഫലം വന്നപ്പോൾ 72446 വോട്ട് ലഭിച്ചു. മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളെയും 16 ലോക്കൽ മേഖലകളായി തിരിച്ച് കണക്കെടുത്തതിൽ മുഴുവൻ പ്രദേശത്തും ലീഡ് ചെയ്തു.