തിരുവനന്തപുരം:കേരളത്തിൽ തുടർഭരണം നേടിയ ഇടതുജനാധിപത്യ മുന്നണി രചിച്ചത് പുതിയ രാഷ്‌ട്രീയ ചരിത്രം ! നേട്ടം സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റേത്. വെറുമൊരു ഇടതു തരംഗമല്ല, പിണറായി സുനാമി തന്നെയാണ് സംഭവിച്ചതെന്നാണ് വിലയിരുത്തൽ.
പ്രതിപക്ഷവും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും തൊടുത്തുവിട്ട ആരോപണ കൊടുങ്കാറ്റുകളെയും വിവാദങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികളെയും ഉരുക്കു കോട്ട പോലെ പ്രതിരോധിച്ച് നേടിയ മുന്നേറ്റത്തിന് തിളക്കമേറെ.
അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്രമാണ് മുമ്പ് ഭരണമുന്നണി തുടർഭരണം നേടിയിട്ടുള്ളത്. കോൺഗ്രസും സി.പി.ഐയും മുസ്ലിംലീഗും ചേർന്ന മുന്നണിയായിരുന്നു അത്. അന്ന് കെ. കരുണാകരൻ മുഖ്യമന്ത്രിയായെങ്കിലും വൈകാതെ, രാജൻകേസിലെ ഹൈക്കോടതി പരാമർശത്തിന്റെ പേരിൽ രാജിവച്ചു. എ.കെ. ആന്റണി മുഖ്യമന്ത്രിയായി. 1978ൽ ആന്റണി രാജി വച്ചു. സി.പി.ഐയിലെ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായി. 79ലെ സി.പി.ഐയുടെ ഭട്ടിൻഡ പാർട്ടി കോൺഗ്രസ്, ഇടതുകക്ഷികൾ ഒന്നിക്കണമെന്ന് തീരുമാനിച്ചതോടെ പി.കെ.വി രാജിവച്ചു. സി.പി.ഐ മുന്നണി വിട്ടു. പിന്നീട് 1980ൽ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മും സി.പി.ഐയും ആന്റണി കോൺഗ്രസും ഉൾപ്പെട്ട ഇടതുമുന്നണി അധികാരമേറി. 1982ൽ സർക്കാർ വീണു. പിന്നീടാണ് ഇന്ന് കാണുന്ന മുന്നണി സംവിധാനമുണ്ടാകുന്നത്. ചില കക്ഷികൾ കൂടുമാറ്റം നടത്തിയെങ്കിലും മുന്നണികളുടെ അടിസ്ഥാനഘടന മാറിയില്ല.
അഞ്ചു വർഷം കൂടുമ്പോൾ ഇടതും വലതും മാറിമാറി ഭരിക്കുന്ന രീതിയായി പിന്നീടിങ്ങോട്ട്. 1991ൽ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് നായനാർ മന്ത്രിസഭ ഒരു വർഷം മുമ്പേ പിരിച്ചുവിട്ട് ഇടതുമുന്നണി തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ തീരുമാനിച്ചത് തുടർഭരണം ലക്ഷ്യമിട്ടായിരുന്നു. പക്ഷേ, രാജീവ് ഗാന്ധി വധിക്കപ്പെട്ടതിന്റെ സഹതാപ തരംഗത്തിൽ അക്കുറിയും ഭരണം യു.ഡി.എഫിലേക്ക് മാറി.
2006ൽ വന്ന വി.എസ്. അച്യുതാനന്ദന്റെ ഇടതുമന്ത്രിസഭ 2011ൽ തുടർഭരണത്തിന്റെ വക്കിൽ എത്തും വരെ പോരാടിയാണ് കീഴടങ്ങിയത്. ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയ ആ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ 72- 68 എന്ന നിലയിലാണ് യു.ഡി.എഫ് അധികാരമേറിയത്.
അഞ്ച് വർഷത്തിലൊരിക്കൽ ഭരണമാറ്റം എന്ന ചരിത്രം തിരുത്തിയെഴുതാൻ ഒടുവിൽ യോഗമുണ്ടായതും ഇടതുമുന്നണി സർക്കാരിനുതന്നെ. കേരളത്തിൽ നാലു പതിറ്റാണ്ടായി തുടരുന്ന രാഷ്ട്രീയ താളം പിണറായി വിജയന്റെ ഇടതുസർക്കാർ മാറ്റുമ്പോൾ, അത് പാർട്ടിയിൽ അദ്ദേഹത്തിന്റെ അജയ്യത ഊട്ടിയുറപ്പിക്കുകകൂടിയാണ്.