ldf

തിരുവനന്തപുരം: 99 സീറ്റ് നേടിയ ഇടതുമുന്നണിയുടെ മിന്നും വിജയം എല്ലാ പ്രവചനങ്ങളെയും ശരിവയ്‌ക്കുന്നതായി. വോട്ടെണ്ണലിന് മൂന്ന് ദിവസം മുമ്പുള്ള ഏഴ് എക്‌സിറ്റ് പോൾ ഫലങ്ങളും ഇടതുമുന്നണിക്ക് ഭരണത്തുടർച്ച പ്രവചിച്ചിരുന്നു. കുറഞ്ഞത് 80 സീറ്റാണ് ചില ഏജൻസികൾ നൽകിയതെങ്കിൽ ചില ദേശീയ ഏജൻസികൾ 104 മുതൽ 120 സീറ്റുകൾ വരെ നേടിയേക്കുമെന്ന് പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണി ജയിക്കുമെന്ന് ആരും പറഞ്ഞില്ലെന്നതും ശ്രദ്ധേയം.

വോട്ടെടുപ്പിന് മുമ്പ് മൂന്ന് ഘട്ടങ്ങളിലായി പ്രീ പോൾ സർവേ ഫലങ്ങൾ വന്നു. അതിലും ഇടതുമുന്നണി തുടർഭരണം നേടുമെന്ന് പറഞ്ഞിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ട പ്രതിപക്ഷം ഏറെ കരുതലോടെയാണ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനെത്തിയത്. എന്നാൽ അവരുടെ ഒരുക്കങ്ങൾ പര്യാപ്തമല്ലെന്നായിരുന്നു അപ്പപ്പോൾ പുറത്തുവന്ന പ്രീ പോൾ സർവേകൾ കാണിച്ചത്. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം നേടുമെന്നായിരുന്നു വോട്ടെണ്ണലിന്റെ തലേന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. അത് ശരിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 91 സീറ്റാണ് എൽ.ഡി.എഫിന് ലഭിച്ചത്.