തിരുവനന്തപുരം: ചരിത്ര വിജയവുമായി എൽ.ഡി.എഫ് വീണ്ടും അധികാരമുറപ്പിച്ചപ്പോൾ തിരഞ്ഞെടുപ്പ് ഫലം പുറത്തേക്കെത്തിയത് ഒച്ചിന്റെ വേഗത്തിൽ. ഉച്ചയോടെ തീരേണ്ട വോട്ടെണ്ണൽ സന്ധ്യ വരെ നീണ്ടിട്ടും പൂർണമായില്ല. രാവിലെ എട്ടിന് തുടങ്ങിയ വോട്ടെണ്ണലിന്റെ വിവരങ്ങൾക്കായി മൊബൈൽ ഫോണും കമ്പ്യൂട്ടറുമൊക്കെയായി കാത്തിരുന്നവർ നിരാശരായി.
ഇലക്‌ഷൻ കമ്മിഷന്റെ വെബ് സൈറ്റായ 'റിസൾട്ട് 2021" രാവിലെ രണ്ട് റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോഴെ പണിമുടക്കി. പോസ്റ്റൽ വോട്ട് എണ്ണിക്കഴിഞ്ഞതിനെ കുറിച്ചും വിവരമുണ്ടായില്ല. പഴയ കാലഘട്ടത്തിലെ വോട്ടെണ്ണലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്നലത്തെ സംസ്ഥാന ഇലക്‌ഷൻ കമ്മിഷന്റെ പ്രകടനം.
എത്ര റൗണ്ട് എണ്ണൽ പൂർത്തിയായി, പാർട്ടി തലത്തിലെ പ്രകടനം, വോട്ട് ശതമാനം തുടങ്ങിയ വിവരങ്ങൾ 'റിസൾട്ട് 2021"ൽ ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഒന്നും ലഭിച്ചില്ല. മാദ്ധ്യമങ്ങൾ സ്വന്തം പ്രതിനിധികളെ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിച്ചും സംസ്ഥാന സർക്കാരിന്റെ പി.ആർ.ഡി വകുപ്പ് ഉദ്യോഗസ്ഥർ വാട്സ്ആപ് സന്ദേശങ്ങളിലൂടെയുമാണ് നാമമാത്രമായ വിവരങ്ങൾ ലഭിച്ചത്.
വോട്ടെടുപ്പ് യന്ത്രത്തിലേക്ക് മാറിയ ശേഷം ഉച്ചയോടെ വോട്ടെണ്ണൽ പൂർത്തിയാകുന്നതാണ് പതിവ്. എന്നാൽ ഇതാദ്യമായി വോട്ടെണ്ണൽ വൈകിട്ട് ആറു വരെ നീണ്ടുപോയി. തപാൽ വോട്ടിൽ ഇക്കുറി കാര്യമായ വർദ്ധനവുണ്ടായി. ഇതിനായി കൂടുതൽ ടേബിളുകൾ സജ്ജമാക്കുമെന്ന് ഇലക്‌ഷൻ കമ്മിഷൻ അറിയിച്ചിരുന്നു. എന്നാൽ അത് ഫലം ചെയ്‌തോ എന്നത് വ്യക്തമല്ല. ബാലറ്റ് യന്ത്രത്തിലെ വോട്ടെണ്ണൽ പൂർത്തിയാകാൻ പോലും ഏറെ സമയമെടുത്തു.
ജനങ്ങൾ വോട്ടെണ്ണൽ പുരോഗതി അറിയാൻ വീടുകളിൽ കാത്തിരിക്കുമ്പോൾ ഇലക്‌ഷൻ കമ്മിഷൻ പതിവ് സംവിധാനം പോലും ഒരുക്കാതെയാണ് നടപടികൾ പൂർത്തിയാക്കിയത്. സാങ്കേതിക തകരാറുകളാണ് കാരണമെന്നാണ് വിശദീകരണം. ഇത് പരിഹരിക്കാൻ വിപുലമായ സംവിധാനങ്ങളും സാങ്കേതിക വിദഗ്‌ദ്ധരുമുള്ള ഇലക്‌ഷൻ കമ്മിഷന് കഴിഞ്ഞില്ല.