തിരുവനന്തപുരം: രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റു നോക്കിയതും സ്ഥാനാർത്ഥി പ്രഖ്യാപന ഘട്ടം മുതൽ ആവേശം വിതച്ചതുമായിരുന്നു തലസ്ഥാന നഗരിയിലെ നാലു മണ്ഡലങ്ങളിലെ മത്സരം. വോട്ടെണ്ണൽ തുടങ്ങിയതു മുതൽ ഓരോ ഘട്ടത്തിലും ഭൂരിപക്ഷത്തിലുണ്ടായ ഏറ്റിറക്കങ്ങൾ വലിയ അനിശ്ചിതത്വമാണ് രാഷ്ട്രീയവൃത്തങ്ങളിൽ ഉളവാക്കിയത്. തീർത്തും ആകാംക്ഷാഭരിതമായിരുന്നു നാല് മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ.

തിളക്കത്തോടെ പ്രശാന്ത്

2011ലെ തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷകളില്ലാതെയാണ് കെ.മുരളീധരനെ യു.ഡി.എഫ് വട്ടിയൂർക്കാവിൽ മത്സരിപ്പിച്ചത്.എന്നാൽ 16,167 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ചെറിയാൻ ഫിലിപ്പിനെയാണ് അദ്ദേഹം അന്ന് പരാജയപ്പെടുത്തിയത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ ഇറക്കി ബി.ജെ.പി പോരാട്ടം കടുപ്പിച്ചെങ്കിലും 7622 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വീണ്ടും മുരളീധരൻ ജയിച്ചു.എന്നാൽ ലോക് സഭയിലേക്ക് മുരളീധരൻ ജയിച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ,മേയറെന്ന നിലയിൽ തിളങ്ങിയ വി.കെ.പ്രശാന്തിനെ സ്ഥാനാർത്ഥിയാക്കിയത് തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു. നല്ല ഭൂരിപക്ഷത്തോടെ ജയിച്ച് പ്രശാന്ത് പാർട്ടിയുടെ അഭിമാനം രക്ഷിച്ചു. ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിനെയും യു.ഡി.എഫ് വീണ എസ്.നായർ എന്ന പുതുമുഖത്തെയും ഇറക്കിയപ്പോൾ മത്സരം കൊടുമ്പിരിക്കൊള്ളുമെന്ന് ഉറപ്പായി. ഇന്നലെ വോട്ടെണ്ണൽ തുടങ്ങുംവരെ ഏവരും വട്ടിയൂർക്കാവിലേക്ക് ഉറ്രുനോക്കാൻ കാരണവും അതാണ്. പക്ഷേ, വോട്ട് എണ്ണിത്തുടങ്ങിയതോടെ വ്യക്തമായി പ്രശാന്തിന് സമ്മതിദായകർക്കിടയിലുള്ള അംഗീകാരം. 21,515 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തീർത്തും ആധികാരികമായി പ്രശാന്തിന്റെ വിജയം.വലിയ വിജയപ്രതീതി ഉണർത്തിയ വീണയ്ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.

അജയ്യനായി കടകംപള്ളി

മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്നെയാവും കഴക്കൂട്ടത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു.എതിരാളി ആരെന്നതായിരുന്നുആദ്യഘട്ടത്തിലെ ചർച്ച. അപ്രതീക്ഷിതമായാണ് ഡോ.എസ്.എസ്.ലാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തിയത്.അദ്ദേഹം കടുത്ത വെല്ലുവിളി ഉയർത്തുമെന്ന ധാരണ ഇടത് കേന്ദ്രങ്ങൾക്കില്ലാതിരുന്നതിനാൽ ഏളുപ്പവിജയമാണ് അവർ കണക്ക് കൂട്ടിയത്.അപ്പോഴാണ് ശോഭാ സുരേന്ദ്രന്റെ വരവ്.ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയെന്ന നിലയ്ക്ക് കടകംപള്ളി നിരവധി വിവാദങ്ങളിൽപ്പെട്ടിരുന്നു.ശബരിമല സമരത്തിന് മുന്നിൽ നിന്ന് നേതൃത്വം കൊടുത്ത ശോഭ എത്തുമ്പോൾ കാര്യങ്ങൾ മാറിമറിയുമെന്ന വിധത്തിലായി ചർച്ചകൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലം കൂടിയാണ്. അതോടെ കഴക്കൂട്ടം വാർത്തകളിൽ നിറഞ്ഞു.പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ശബരിമല മാറുകയും ചെയ്തു.മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും സർക്കാരിന്റെ ജനക്ഷേമ നടപടികളുമായിരുന്നു കടകംപള്ളിയുടെ പ്രചാരണം. എല്ലാ ആശങ്കകൾക്കും വിരാമമിട്ട് ,വോട്ടെണ്ണൽ പുരോഗമിച്ചപ്പോൾ വ്യക്തമായി,കടകംപള്ളിയുടെ ജനസ്വാധീനം. 2016 ലെ 7347 വോട്ടിന്റ ഭൂരിപക്ഷം 23,497 ആയി ഉയർത്തിയാണ് അദ്ദേഹം തന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചത്.ശോഭ രണ്ടാം സ്ഥാനത്തും എസ്.എസ് ലാൽ മൂന്നാം സ്ഥാനത്തുമായി.

ശിവൻകുട്ടിയുടെ മധുരപ്രതികാരം

ബി.ജെ.പി സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം.8671 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വി.ശിവൻകുട്ടിയെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാലിലൂടെ നേമം ബി.ജെ.പി സ്വന്തമാക്കിയത്.ഇത്തവണ കുമ്മനത്തെ ഇറക്കി സീറ്ര് നിലനിറുത്താൻ ബി.ജെ.പി തീരുമാനിച്ചപ്പോൾ ശിവൻകുട്ടിയെ തന്നെ വീണ്ടും പരീക്ഷിക്കാൻ എൽ.ഡി.എഫും നിശ്ചയിച്ചു. ബി.ജെ.പി കോട്ടയിൽ ആരെ സ്ഥാനാർത്ഥിയാക്കും എന്നതായിരുന്നു യു.ഡി.എഫ് കേന്ദ്രങ്ങളുടെ തലവേദന.വെല്ലുവിളി ഏറ്റടുക്കാൻ കെ.മുരളീധരൻ തയ്യാറായതോടെ ത്രികോണ മത്സരത്തിന്റെ ചൂടിലായി മണ്ഡലം.

വിജയം ആർക്കെന്ന് പ്രവചിക്കാൻ കഴിയാത്ത രാഷ്ട്രീയ അന്തരീക്ഷമായി നേമം.ന്യൂനപക്ഷ വോട്ടുകളും ഭൂരിപക്ഷ വോട്ടുകളുമുള്ള മണ്ഡലത്തിൽ വിജയം നിർണയിക്കുന്നത് ഈ രണ്ട് ഘടകങ്ങളാവുമെന്ന് എല്ലാവരും കരുതി. ബി.ജെ.പിക്ക് ശക്തമായ അടിത്തറയുള്ളതിനാൽ രണ്ടാം സ്ഥാനത്ത് ആരെന്നതായി ഒരു ഘട്ടത്തിൽ ചർച്ച. തുടക്കം മുതൽ കുമ്മനം ലീഡ് നിലനിറുത്തിയപ്പോൾ ഈ ചർച്ചയ്ക്ക് പ്രസക്തിയുണ്ടെന്നും നിരീക്ഷകർ ഉറപ്പിച്ചു. വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിലാണ് വി.ശിവൻകുട്ടി മെല്ലെ കയറിത്തുടങ്ങിയത്.വലിയ പ്രതീക്ഷ ഉണർത്തിയെത്തിയ കെ.മുരളീധരന് പോസ്റ്രൽ വോട്ട് മുതൽ ഒരു ഘട്ടത്തിലും മുന്നിലെത്താൻ കഴിഞ്ഞുമില്ല. അവസാന നിമിഷത്തിൽ 3949 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ശിവൻകുട്ടി വിജയിച്ചപ്പോൾ ബി.ജെ.പിയുടെ കേരളത്തിലെ അക്കൗണ്ട് ക്ളോസ് ചെയ്തു.

അട്ടിമറി ജയത്തോടെ ആന്റണി രാജു

വി.സുരേന്ദ്രൻ പിള്ളയെ 5352 വോട്ടുകളുടെ വ്യത്യാസത്തിൽ തോല്പിച്ചാണ് 2011-ൽ വി.എസ്.ശിവകുമാർ തിരുവനന്തപുരം മണ്ഡലത്തിൽ ജനപ്രതിനിധിയാവുന്നത്.അന്ന് യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ അദ്ദേഹം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രിയുമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധി ആന്റണിരാജുവിനെ 10,905 വോട്ടുകൾക്ക് പരാജയപ്പെടുത്തി ശിവകുമാർ സീറ്റ് നിലനിറുത്തി.രണ്ട് തിരഞ്ഞെടുപ്പുകളിലും തീരമേഖല നൽകിയ പിന്തുണയാണ് ശിവകുമാറിന് തുണയായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ആവർത്തനം പോലെ വീണ്ടും ശിവകുമാർ-ആന്റണിരാജു പോരാട്ടത്തിന് കളമൊരുങ്ങി. അപ്പോഴാണ് താരത്തിളക്കത്തോടെ ബി.ജെ.പി സ്ഥാനാർത്ഥിയായി കൃഷ്ണകുമാറിന്റെ വരവ്.അതോടെ മത്സരം കടുത്തു.വിജയം ആരെ തുണയ്ക്കുമെന്ന് പറയാനാവാത്ത അവസ്ഥ.വോട്ടെണ്ണൽ പുരോഗമിക്കും തോറും ആകാംക്ഷ ഏറി. ഭൂരിപക്ഷം മാറിമറിഞ്ഞു കൊണ്ടിരുന്നു.ഒരു ഘട്ടത്തിൽ ശിവകുമാർ ജയം ആവർത്തിക്കുമെന്ന് തോന്നിച്ചെങ്കിലും പൊടുന്നനെ കാര്യങ്ങൾ തലകുത്തനെ മാറി. 7929 വോട്ടുകൾക്ക് ആന്റണിരാജു വിജയിച്ചപ്പോൾ ശിവകുമാർ രണ്ടാമനായി. തൊട്ടു പിന്നിലെയെത്താനേ കൃഷ്ണകുമാറിന് കഴിഞ്ഞുള്ളൂ.