poll

തിരുവനന്തപുരം: ഉരുക്ക് കോട്ടകൾ പൊളിഞ്ഞു വീണു. പൊളിക്കാനെത്തിയവരെ പൊളിച്ചടുക്കി. വീരവാദങ്ങൾ മുഴക്കിയവരെയും മണ്ഡലത്തിൻെറ ഓമനകൾ എന്ന് വീമ്പിളക്കിയവരെയും വോട്ടർമാർ വേണ്ടപോലെ കണ്ടു. വമ്പൻ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നവർ കഷ്ടിച്ച് രക്ഷപ്പെട്ടതുപോലെയായി. പലരും ആടിയുലഞ്ഞു. വോട്ടർമാരുടെ വിശ്വാസം ചോർന്ന പോലെ. നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം.

നേമത്തെ ബി.ജെ.പിയുടെ കോട്ടയാണ് സി. പി. എം. തകർത്തത്. കോട്ട കാക്കാനെത്തിയ കുമ്മനം രാജശേഖരനെ വി.ശിവൻകുട്ടിയും കെ.മുരളീധരനും ചേർന്ന് നേരിട്ടപ്പോൾ കോട്ട തകർന്നു. മുരളിക്ക് നഷ്ടക്കച്ചവടം. ശിവൻകുട്ടി കോട്ട പൊളിച്ച് തിരിച്ചു പിടിച്ചു.

കുണ്ടറ സി.പി.എമ്മിൻെറ കോട്ടയാണ്. എം.എ.ബേബിയും മേഴ്സിക്കുട്ടി അമ്മയും ജയിച്ച കോട്ട പിടിച്ചെടുത്തത് കോൺഗ്രസിലെ പി.സി.വിഷ്ണുനാഥ്. കുണ്ടറ വേണ്ടെന്ന് പറഞ്ഞ വിഷ്ണുനാഥ് മനസില്ലാ മനസോടെയാണ് മത്സരത്തിനിറങ്ങിയത്. അതൊരു കോട്ട തകർക്കാനാകുമെന്ന് വിഷ്ണുനാഥ് പോലും കരുതിയിട്ടുണ്ടാവില്ല.

പാലയിൽ കെ.എം.മാണിയുടെ പാലാ കോട്ടയിൽ മകൻ ജോസ് കെ. മാണിയുടെ മനക്കോട്ടകൾ മാണി സി. കാപ്പൻ തകർത്തു.

ചവറയിൽ പിതാവ് ബേബി ജോണിന്റെ പാരമ്പര്യവുമായി മത്സരിച്ച ഷിബുബേബി ജോണിനെ വിജയൻ പിള്ളയുടെ മകൻ സുജിത്ത് വിജയൻപിള്ള തകർത്തു. മക്കൾ പോരാട്ടത്തിൽ പൊളിഞ്ഞത് ആർ.എസ്.പിയുടെ കോട്ട. അരുവിക്കരയിൽ ശബരീനാഥന്റെയും തിരുവനന്തപുരത്ത് വി. ശിവകുമാറിന്റെയും കോൺഗ്രസ് കോട്ടകളും തകർന്നു.