1

തിരുവനന്തപുരം: എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ ആറ്റിങ്ങലിൽ വിജയിച്ച് ജില്ലയിലെ ഏക വനിതാ എം.എൽ.എയായി ഒ.എസ്. അംബിക. ആറ്റിങ്ങലിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന അംബിക 31,​636 വോട്ടുകൾക്കാണ് ബി.ജെ.പിയിലെ അഡ്വ.പി. സുധീറിനെ പരാജയപ്പെടുത്തിയത്. 2011ൽ കോവളം മണ്ഡലത്തിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച ജമീലാപ്രകാശമാണ് അവസാനമായി ജില്ലയിൽ നിന്ന് നിയമസഭയിലെത്തിയ വനിതാപ്രതിനിധി.

ഇത്തവണ അഞ്ച് വനിത സ്ഥാനാർത്ഥികളായിരുന്നു മൂന്നു മുന്നണികൾക്കുമായി ജില്ലയിൽ മത്സരിച്ചത്. വീണ എസ്. നായർ (വട്ടിയൂർക്കാവ്)​,​ ആശാനാഥ് (ചിറയിൻകീഴ്)​,​ ശോഭാ സുരേന്ദ്രൻ (കഴക്കൂട്ടം)​, അൻസജിത റസൽ (പാറശാല) എന്നിവരാണ് മത്സരിച്ച മറ്റ് നാലുപേർ. ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗമായ അംബിക നിലവിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ‌ന്റാണ്. ഇടയ്‌ക്കോട് വാ‌‌ർഡിൽ നിന്ന് 1548 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ബ്ലോക്കിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു അംബികയുടേത്. മുമ്പ് രണ്ടുതവണ മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഈ അംഗീകാരവും ജനങ്ങളുടെ പിന്തുണയുമാണ് വിജയിക്കാൻ സഹായിച്ചതെന്നാണ് അംബിക പറയുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ സംവരണ സീറ്റുകളിൽ മാത്രം ഒതുങ്ങാതെ ജനറൽ സീറ്റുകളിൽ ജനവിധി തേടാൻ അംബികയ്‌ക്ക് പാർട്ടി അവസരം നൽകിയതിന് കാരണവും ഈ സ്വീകാര്യതയാണ്.

നിലവിൽ കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റിയംഗവും വനിതാ സബ്കമ്മിറ്റിയുടെ സംസ്ഥാന ജോയിന്റ് കൺവീനറുമാണ് അംബിക. കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥനും പി.കെ.എസ് ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ. വാരിജാക്ഷനാണ് ഭർത്താവ്. ഇളയമകൻ വി.എ. വിനേഷ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും മൂത്തമകൻ വി.എ. വിനീത് ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറിയുമാണ്.