വിജയിച്ച മൂന്ന് പുതുമുഖങ്ങളും എൽ.ഡി.എഫിന്റെ പോരാളികൾ

യു.ഡി.എഫിന്റെയും ബി.ജെ.പിയുടെ നവാഗതർക്ക് പിഴച്ചു

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 15 പേരാണ് ജില്ലയിൽ നിന്ന് കന്നിയങ്കം കുറിച്ചത്. എന്നാൽ മൂന്നു പേർ മാത്രമാണ് വിജയം അറിഞ്ഞത്. മറ്റുള്ള 12 പേരും പരാജയപ്പെട്ടു. ഏറ്റവും കൂടുതൽ പുതുമുഖങ്ങളെ കളത്തിലിറക്കിയത് യു.ഡി.എഫാണ് - 9 പേരെ. 3 പേരെ ബി.ജെ.പിയും രംഗത്തിറക്കി. എന്നാൽ യു.ഡി.എഫിനും ബി.ജെ.പിക്കും നിരാശയായിരുന്നു ഫലം. മൂന്നു പുതുമുഖങ്ങളെ രംഗത്തിറക്കിയ എൽ.ഡി.എഫിന് മൂന്നുപേരെയും വിജയിപ്പിച്ചെടുക്കാനായി. അരുവിക്കരയിൽ ജി.സ്റ്റീഫൻ, ആറ്റിങ്ങലിൽ ഒ.എസ്.അംബിക,നെടുമങ്ങാട് ജി.ആർ.അനിൽ എന്നിവരാണ് എൽ.ഡി.എഫിന്റെ ആദ്യ പരീക്ഷണത്തിലൂടെ വിജയ കടമ്പ ചാടിക്കടന്ന് നിയമസഭയിലേക്ക് എത്തുന്നത്. ഒ.എസ്.അംബികയും ജി.ആർ.അനിലും സിറ്റിംഗ് സീറ്റ് നിലനിറുത്തിയപ്പോൾ സ്റ്റീഫൻ യു.ഡി.എഫിൽ നിന്ന് മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. യു.ഡി.എഫ് ഏറെ വിജയപ്രതീക്ഷയോടെയായിരുന്നു 9പേരെ കളത്തിലിറക്കിയത്. നെടുമങ്ങാട് പി.എസ്.പ്രശാന്ത്,ചിറയിൻകീഴ് ബി.എസ്.അനൂപ്, വർക്കലയിൽ ബി.ആർ.എം.ഷഫീർ, ആറ്റിങ്ങലിൽ ശ്രീധരൻ,വാമനപുരത്ത് ആനാട് ജയൻ,വട്ടിയൂർക്കാവിൽ വീണ എസ്.നായർ,കഴക്കൂട്ടത്ത് എസ്.എസ്.ലാൽ, കാട്ടാക്കടയിൽ മലയിൻകീഴ് വേണുഗോപാൽ എന്നിവരെയാണ് യു.ഡി.എഫ് രംഗത്തിറക്കിയത്. ബി.ജെ.പി വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ചിറയിൻകീഴ് ആശാനാഥ്,തിരുവനന്തപുത്ത് കൃഷ്ണകുമാർ.ജി,പാറശാലയിൽ രാജശേഖരൻ എന്നിവരിലൂടെ ഭാഗ്യം പരീക്ഷിച്ചെങ്കിലും ഫലംകണ്ടില്ല. രാജ്യം ഉറ്റുനോക്കിയ നേമത്തെ ശിവൻക്കുട്ടിയുടെ വിജയത്തിനാണ് ജില്ലയിൽ തിളക്കം കൂടുതൽ. ഒരിടവേളയ്ക്ക് ശേഷമാണ് ശിവൻകുട്ടി നിയമസഭയിലെത്തുന്നത്. 2011ൽ വിജയിച്ചെങ്കിലും 2016ൽ ഒ.രാജഗോപാലിനോട് പരാജയപ്പെട്ടിരുന്നു.എന്നാൽ അതിശക്തമായ തിരിച്ചുവരവാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ എൽ.ഡി.എഫിലെ ആന്റണി രാജുവിന്റെ വിജയം മുന്നണിയിൽ പോലും അപ്രതീക്ഷിതമാണ്. വി.എസ്.ശിവകുമാറിൽ നിന്ന് 7089 വോട്ടിനാണ് ആന്റണി രാജു മണ്ഡലം പിടിച്ചെടുത്തത്. 1996-2001 കാലത്ത് നിയമസഭയിലെത്തിയ അദ്ദേഹം അതിന് ശേഷം പലവട്ടം മത്സരംഗത്തിറങ്ങിയെങ്കിലും ഇപ്പോഴാണ് വിജയവഴി തുറന്നു കിട്ടിയത്.

ആശ്വാസമായി വിൻസെന്റ്, തിളക്കം കൂട്ടി പ്രശാന്ത്

വിജയത്തുടർച്ച തേടി 10 പേരാണ് മത്സരംഗത്തിറങ്ങിയത്.ഇതിൽ ഒൻപത് പേരും വിജയിച്ചു.യു.ഡി.എഫ് കോവളത്തും തിരുവനന്തപുരത്തും വിജയം ആവർത്തിക്കാൻ ശ്രമിച്ചെങ്കിലും തിരുവനന്തപുരത്ത് വി.എസ്.ശിവകുമാറിന് വിജയിക്കാനായില്ല.യു.ഡി.എഫിന് ജില്ലയിൽ ആശ്രയമായ പച്ചതുരുത്തായി കോവളം മാറി. എം.വിൻസെന്റിന് രണ്ടാമൂഴത്തിലും കാലിടറാത്തത് യു.ഡി.എഫിന് ആശ്വാസമായി.ജില്ലയിൽ ഭൂരിഭാഗം പേർക്കും രണ്ടാമൂഴം നൽകാനുള്ള എൽ.ഡി.എഫിന്റെ നീക്കം പിഴച്ചില്ല.കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ, പാറശാലയിൽ സി.കെ.ഹരീന്ദ്രൻ,നെയ്യാറ്റിൻകരയിൽ ആൻസലൻ,കാട്ടാക്കടയിൽ ഐ.ബി.സതീഷ്,വർക്കലയിൽ ജോയി, വാമനപുരത്ത് ഡി.കെ.മുരളി,ചിറയിൻകീഴ് വി.ശശി എന്നിവർ വിജയം ആവർത്തിച്ചു.ഇടതുപക്ഷനിരയിൽ തിളക്കമാർന്ന വിജയത്തുടർച്ച വട്ടിയൂർക്കാവിൽ വി.കെ.പ്രശാന്തിന്റേതാണ്.ഒന്നരവർഷം മുമ്പ് നടന്ന ഉപതിര‌ഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്ത മണ്ഡലത്തിൽ വിജയക്കൊടി വീണ്ടും പാറിച്ചാണ് പ്രശാന്ത് വിജയം ആവർത്തിച്ചത്.