തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ ആരെല്ലാം ഉൾപ്പെടുമെന്ന ചർച്ചകൾ സജീവം. കെ.കെ. ശൈലജയും, ടി.പി.രാമകൃഷ്ണനും എ.സി. മൊയ്തീനും എം.എം. മണിയുമെല്ലാംരണ്ടാം മന്ത്രിസഭയിലുമുണ്ടാകുമെന്നാണ് സൂചനകൾ.
. നിലവിൽ 20 മന്ത്രിമാരാണുള്ളത്. സി.പി.എമ്മിന് 13, സി.പി.ഐ.യ്ക്ക് 4, എൻ.സി.പി, കോൺഗ്രസ് എസ്, ജനതാദൾ എസ് എന്നിവർക്ക് ഒാരോന്നുവീതെ. ഇക്കുറി കേരള കോൺഗ്രസ് -ബി, ഐ.എൻ.എൽ, എൽ.ജെ.ഡി, കേരള കോൺഗ്രസ് മാണി, ജനാധിപത്യ കേരളകോൺഗ്രസ് തുടങ്ങിയ അഞ്ച് പാർട്ടികൾ പുതുതായി ഇടതുമുന്നണിയിൽ ഘടകകക്ഷികളായി . ഇതിന് പുറമെ കോവൂർ കുഞ്ഞുമോനുമുണ്ട്. ഇവരെയെല്ലാം ഉൾപ്പെടുത്തുക ദുഷ്ക്കരമാകും. എന്നാൽ എല്ലാവരേയും ഒഴിവാക്കാനുമാകില്ല. അഞ്ച് സീറ്റിൽ ജയിച്ച കേരളകോൺഗ്രസ് മാണി വിഭാഗത്തിന് രണ്ട് മന്ത്രിമാരെയെങ്കിലും നൽകേണ്ടി വന്നേക്കും. അതിനായി സി.പി.എം, സി.പി.ഐ മന്ത്രിമാരുടെ എണ്ണത്തിൽ വിട്ടുവീഴ്ച വേണ്ടി വന്നേക്കാം.നിലവിലെ മന്ത്രിസഭയിലുള്ള ഏകാംഗ ഘടകകക്ഷികൾ പുതിയവർക്കായി മാറിനിൽക്കണമെന്ന മാനദണ്ഡം കൊണ്ടുവന്നേക്കും.
സി.പി.എമ്മിൽ മൂന്ന് കേന്ദ്രകമ്മിറ്റിയംഗങ്ങൾ പുതിയ നിയമസഭയിലുണ്ട്. കെ.കെ.ശൈലജ, എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ. മൂന്നു പേരും മന്ത്രിസഭയിലെത്തിയേക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ, എം.എം.മണി, കെ.എൻ.ബാലഗോപാൽ, പി.രാജീവ് എന്നിവരും മന്ത്രിമാരാകാൻ സാധ്യതയുണ്ട്. എം.ബി.രാജേഷ്, വി.എൻ. വാസവൻ, നന്ദകുമാർ തുടങ്ങിയ സംസ്ഥാന കമ്മിറ്റിയംഗങ്ങൾക്ക് സാധ്യത കൽപിക്കുന്നുണ്ട്. ആറൻമുളയിൽ നിന്ന് രണ്ടാംവട്ടവും വിജയിച്ച വീണാജോർജ്ജിനും അവസരം കിട്ടിയേക്കും. തലസ്ഥാന ജില്ലയിൽ നിന്ന് നേമം ബി.ജെ.പി.യിൽ നിന്ന് തിരിച്ചുപിടിച്ച വി.ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എന്നീ സംസ്ഥാന കമ്മിറ്റിയംഗങ്ങളേയും വി.കെ.പ്രശാന്തിനെയും, ശിവഗിരിയുമായി ഏറെ അടുപ്പമുള്ള വി.ജോയിയേയും പരിഗണിച്ചേക്കും.
സി.പി.ഐയ്ക്ക് ഡെപ്യൂട്ടി സ്പീക്കറും നാലുമന്ത്രിമാരുമുണ്ടായിരുന്നു. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ഡെപ്യൂട്ടി സ്പീക്കർ വി.ശശിയും, ചീഫ് വിപ്പ് കെ. രാജനും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് ഉറപ്പില്ല. പി. എസ്.സുപാൽ, ചിഞ്ചുറാണി, ടൈസൻ മാസ്റ്റർ, ഇ.കെ.വിജയൻ, സി.കെ.ആശ, ജി.ആർ.അനിൽ, പി.പ്രസാദ് തുടങ്ങിയവർ പരിഗണിക്കപ്പെടാം.
ഘടകകക്ഷികളിൽ കേരളകോൺഗ്രസ് ബിയിലെ ഗണേഷ് കുമാർ,എൻ.സി.പി.യിലെ എ.കെ.ശശീന്ദ്രൻ, കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളി, ജനതാദളിലെ കെ.കൃഷ്ണൻകുട്ടി അല്ലെങ്കിൽ മാത്യു ടി.തോമസ്, എൽ.ജെ.ഡി.യിലെ കെ.പി. മോഹനൻ, ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിൽ എന്നിവർ മന്ത്രിസ്ഥാനത്തിന് അവകാശമുന്നയിച്ചേക്കും. കേരളകോൺഗ്രസ് മാണി വിഭാഗത്തിൽ നിന്ന് റോഷി അഗസ്റ്റിൻ, എൻ.ജയരാജ് എന്നിവരെ പരിഗണിക്കാനാണ് സാധ്യത.