തിരുവനന്തപുരം: ആളും ആരവും ചെണ്ടമേളവും നിറഞ്ഞ പ്രകടനങ്ങൾ പ്രകമ്പനം കൊള്ളിച്ച നഗരവീഥികൾ ഇന്നലെ സ്ഥാനാർത്ഥികളുടെ ജയമറിഞ്ഞിട്ടും വിജനമായിരുന്നു. കൊവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ വിജയാഘോഷം പാർട്ടി ഓഫീസുകളിലും വീടുകളിലുമൊതുങ്ങി. തുറന്ന വാഹനത്തിലോ കാൽനടയായോ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെത്തി നന്ദി പ്രകാശിപ്പിക്കുകയും ആഹ്ളാദം പങ്കിടുകയും ചെയ്യുന്നതായിരുന്നു പതിവ്. എന്നാൽ കർശന നിയന്ത്രണങ്ങളുള്ളതിനാൽ ആഹ്ളാദ പ്രകടനങ്ങൾ നേരത്തെ നിരോധിച്ചിരുന്നു. പല സ്ഥാനാർത്ഥികളും പാർട്ടി ഓഫീസുകളിലും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലുമാണ് വിജയം ആഘോഷിച്ചത്.
ഇടത് സ്ഥാനാർത്ഥികൾ അവരുടെ മണ്ഡലത്തിലെ പാർട്ടി ഓഫീസിലെത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയും മധുരം പങ്കിടുകയും ചെയ്‌തു. ജില്ലയിലെ ഏക യു.ഡി.എഫ് എം.എൽ.എയായ വിൻസെന്റിനും വലിയ രീതിയിലുള്ള വിജയാഘോഷമില്ലായിരുന്നു. അദ്ദേഹം കെ.പി.സി.സി ഓഫീസിലെത്തി നേതാക്കളെ കണ്ടു. പിന്നെ വീട്ടിലെത്തി കുടുംബത്തോടൊപ്പം മധുരം പങ്കിട്ടു. പ്രവർത്തകരുടെ വിജയാഘോഷം ഇക്കുറി സൈബറിടത്തിലായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിൽ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു.