തിരുവനന്തപുരം: ചരിത്രം തിരുത്തുന്ന ഫലമാകും ഇത്തവണയെന്ന സി.പി.എം അവകാശവാദം ശരിവച്ച ഇടതുവിജയം തീർത്തും ആധികാരികം. ഇടതുമുന്നണിയുടെ രാഷ്ട്രീയാധിപത്യം അരക്കിട്ടുറപ്പിക്കുന്ന വിജയമാണിത്.
മലബാർ, തെക്കൻ മേഖലകളിലെ ഇടത് മേൽക്കോയ്‌മയ്‌ക്ക് മങ്ങലില്ല. കേരള കോൺഗ്രസ്-എമ്മിനെ മുന്നണിയിൽ എടുത്ത രാഷ്ട്രീയതന്ത്രത്തിനും പിഴവ് പറ്റിയില്ല. മദ്ധ്യതിരുവിതാംകൂറിൽ, പ്രത്യേകിച്ച് കോട്ടയത്തും ഇടുക്കിയിലും ആ പരീക്ഷണം നല്ല ഫലം കണ്ടു.
ഇടതുതരംഗത്തിലും പാലായിൽ ജോസ് കെ.മാണിയുടെ പതനം ആഘാതമായെങ്കിലും മാണിഗ്രൂപ്പിന്റെ വരവ് മുന്നണിക്ക് ലാഭമായി. കല്പറ്റയിൽ എം.വി. ശ്രേയാംസ് കുമാറിന്റെ തോൽവിയും തിരിച്ചടിയാണെങ്കിലും മലബാറിലെ സോഷ്യലിസ്റ്റ് പിന്തുണ ബോണസാണ്. ബി.ജെ.പി 2016ൽ തുറന്ന അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് രണ്ടുതവണ ആവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അത് ഉറപ്പിച്ചു പറഞ്ഞതാണെന്ന് നേമത്തെ ശിവൻകുട്ടിയുടെ വിജയം വ്യക്തമാക്കുന്നു. എവിടെയും അക്കൗണ്ടില്ലാത്ത പഴയനിലയിലായി ബി.ജെ.പി.
പിണറായി വിജയന്റെ നായകത്വത്തിന്റെ വിജയമാണിത്. സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുതൽ എല്ലാതലങ്ങളിലും അദ്ദേഹത്തിന് പൂർണ നിയന്ത്രണം ഉണ്ടായിരുന്നു. പ്രചാരണ തന്ത്രങ്ങൾ മെനയുന്നതിലും കേരള കോൺഗ്രസ്-എമ്മിനെ പരിഗണിക്കുന്നതിലും പിണറായിയുടെ തന്ത്രജ്ഞത മികവായി. ക്ഷേമപെൻഷനും ഭക്ഷ്യകിറ്റ് വിതരണവും വികസനനേട്ടങ്ങളും പൊതുവിദ്യാലയ സംരക്ഷണ യജ്ഞവും ലൈഫ് മിഷൻ ഭവനപദ്ധതിയുമെല്ലാം തുടർഭരണം സാദ്ധ്യമാക്കി. ശബരിമല വിവാദം എതിരാളികൾ രാഷ്ട്രീയായുധമാക്കിപ്പോൾ അതിനെ അകറ്റിനിറുത്താനാണ് നോക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പരീക്ഷിക്കാൻ നോക്കി പ്രതിപക്ഷം ഉപേക്ഷിച്ചതാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വർദ്ധിത വീര്യത്തോടെ യു.ഡി.എഫ് അത് പ്രയോഗിച്ചപ്പോൾ ബൂമറാങ്ങായെന്ന് വേണം കരുതാൻ.
ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷത്തിനടുത്ത്
സി.പി.എം 68 സീറ്റ് നേടിയിട്ടുണ്ട്. നാല് സീറ്റ് കൂടി നേടിയാൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ആയേനെ. 18 വർഷം സി.പി.എമ്മിനെ നയിച്ച സംഘടനാ പാടവം ഭരണത്തിലും കാട്ടിയ പിണറായി വിജയൻ അജയ്യനാവുകയാണ്. നിശ്ചയദാർഢ്യമാണ് ആ കരുത്തിന് നിദാനം.
പ്രതിപക്ഷനേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ കോൺഗ്രസിന് ഇക്കുറിയായില്ല. ഉമ്മൻചാണ്ടിയോ രമേശോ എന്ന ചോദ്യമുയർന്നത് ഭൂരിപക്ഷം കിട്ടിയാൽ നായകനെ ചൊല്ലി തർക്കമുയരുമെന്ന ആശങ്കയുണർത്തി. വോട്ടിംഗിൽ അതും പ്രതിഫലിച്ചിരിക്കാം. ബി.ജെ.പിയുടെ പതിവ് രീതികളൊന്നും കേരളത്തിൽ മതിയാവില്ലെന്ന് അവരെ ബോദ്ധ്യപ്പെടുത്തുന്നതുമാണ് ഈ തിരഞ്ഞെടുപ്പ് ഫലം.