തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ തനിക്ക് വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ച് കടകംപള്ളി സുരേന്ദ്രൻ. ശക്തമായ പോരാട്ടമായിരുന്നു കഴക്കൂട്ടത്ത് നടന്നതെന്നും ശബരിമല വിഷയത്തിൽ തന്നെ പ്രതിക്കൂട്ടിൽ നിറുത്താൻ ശ്രമമുണ്ടായെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി വരെ പ്രചാരണത്തിനെത്തിയ മണ്ഡലമാണിത്. കഴിഞ്ഞ അഞ്ച് വർഷക്കാലം സംസ്ഥാനത്തും കഴക്കൂട്ടം മണ്ഡലത്തിലും നടത്തിയ വികസന ക്ഷേമ പ്രവർത്തനങ്ങളോടൊപ്പമാണ് തങ്ങളെന്ന് ജനങ്ങൾ തെളിയിച്ചു. ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും നേരിട്ട കാലഘട്ടത്തിൽ അവയെയെല്ലാം തരണം ചെയ്യാൻ ക്യാപ്ടനായ പിണറായി വിജയന് സാധിച്ചു എന്ന് ജനങ്ങൾക്ക് ബോദ്ധ്യമുണ്ടെന്നും കടകംപള്ളി പറഞ്ഞു.